വയറ്റിലെ മുഴ നീക്കം ചെയ്യാനാണ് 72കാരൻ ലണ്ടനിലെ ആശുപത്രിയിൽ അഡ്മിറ്റായത്. അനസ്തേഷ്യ നൽകി ശസ്ത്രക്രിയ ഭംഗിയായി പൂർത്തിയാക്കി. ആറു ദിവസം കഴിഞ്ഞപ്പോൾ രോഗിക്ക് വായിലൂടെ രക്തം വരികയും ശ്വാസതടസം നേരിടുകയും ചെയ്തു. ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ട്.
വീണ്ടും ആശുപത്രിയിൽ കാണിച്ചു. മരുന്നുകൾ കൊടുത്ത് തിരികെ വീട്ടിലേക്ക് വിട്ടു. പക്ഷേ അസ്വസ്ഥത മാറിയില്ല. വീണ്ടും കക്ഷി ആശുപത്രിയിലെത്തി. അണുബാധയാണോ എന്നായി അടുത്ത സംശയം. പിന്നെ വിദഗ്ധ പരിശോധന.
തൊണ്ടയിൽ അർധവൃത്താകൃതിയിൽ എന്തോ ഒരു വസ്തുവിനെ കണ്ടെത്തി. അതെന്താണെന്ന് ഡോക്ടർമാർ തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് തന്റെ വെപ്പു പല്ല് വായിൽ ഇല്ലെന്ന് വൃദ്ധന് ഓർമവന്നത്.
അതെവിടെയോ നഷ്ടപ്പെട്ടുവെന്നാണ് താൻ കരുതിയതെന്നും അതാണോ ആ അർധവൃത്താകൃതിയിലുള്ളതെന്നും വൃദ്ധൻ സംശയം പ്രകടിപ്പിച്ചയുടൻ സ്കാനിംഗ് വഴി സംഭവം അതുതന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നെ വൈകിയില്ല, മറ്റൊരു ശസ്ത്രക്രിയയിലൂടെ വെപ്പു പല്ല് പുറത്തെടുത്തു. അതുകൊണ്ട് വെപ്പുപല്ല് ഉപയോഗിക്കുന്നവരേ.. ഓപ്പറേഷനുകൾക്ക് വിധേയമാകും മുന്പ് വെപ്പു പല്ലുകൾ ഉൗരി വയ്ക്കുക…