കോഴിക്കോട് : സംസ്ഥാനത്തെ ദന്താരോഗ്യമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് അതൃപ്തി. കൊറോണയും നിപ്പാവൈറസ് പടര്‍ന്നുപിടിക്കാതെ നിയന്ത്രിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ദന്താരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചകളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇന്ത്യയിലെ ദന്തല്‍ മേഖലയേയും ദന്തല്‍ വിദ്യാഭ്യാസ രംഗത്തേയും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഉന്നത സമിതിയായ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച രേഖയില്‍ ശോചനീയാവസ്ഥയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഡെന്റിസ്റ്റുകളെ ഉപയോഗപ്പെടുത്താത്തിനെക്കുറിച്ചും അവരുടെ തൊഴിലില്ലായ്മയെ കുറിച്ചും ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഡെന്റൽ സര്ജന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
കേരളത്തിലെ 80 ശതമാനം പേരും ഗൗരവമുള്ള ദന്തരോഗങ്ങള്‍ പിടിപെട്ടവരാണെന്ന് ലോകാരോഗ്യസംഘടന 2003 -ല്‍ പഠന റിപ്പോര്‍ട്ട് സഹിതം വ്യക്തമാക്കിയിരുന്നു.
3.5 കോടിയോളം മലയാളികള്‍ക്ക് ദന്തചികിത്സ നല്‍കാനായി സര്‍ക്കാറിന് വെറും 132 അസിസ്റ്റന്‍ഡ് ദന്തര്‍ സര്ജന്മാര് മാത്രമാണുള്ളതെന്നാണ് പറയുന്നത്. 7500 പേര്‍ക്ക് ഒരു ദന്തഡോക്ടറെങ്കിലും ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് 2.6 ലക്ഷം പേര്‍ക്ക് ഒരു സര്‍ക്കാര്‍ ദന്തഡോക്ടര്‍ എന്ന അനുപാതം മാത്രമേയുള്ളൂ. 2017 ല്‍ അസിസ്റ്റന്റ് ദന്തല്‍ സര്ജന് തസ്തികയിലേക്ക് പിഎസ് സി പരീക്ഷ നടത്തിയിരുന്നു. 9094 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
ഇതില്‍ 467 പേരുടെ റാങ്ക് പട്ടിക തയാറാക്കി. എന്നാല്‍ നിയമനം ലഭിച്ചത് ഏഴ് പേര്‍ക്ക് മാത്രമാണ്. ഈ നിയമനങ്ങള്‍ പോലും നടന്നത് ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്ന ദന്തല്ഡോക്ടര്മാര് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറിയതിനാലുണ്ടായ ഒഴിവിലേക്കും പ്രമോഷന് മൂലമുണ്ടായ ഒഴിവിലേക്കുമാണ്. പുതിയ പോസ്റ്റുകള്‍ ഒന്നും സര്‍ക്കാര്‍ സൃഷ്ടിച്ചില്ല.
അതേസമയം സംസ്ഥാനത്ത് മാത്രം പ്രതിവര്‍ഷം 2000 ത്തോളം പുതിയ ബിഡിഎസ് ബിരുദദാരികള്‍ പഠനം പൂര്‍ത്തിയാക്കി യോഗ്യത നേടുന്നുണ്ട്.
എങ്കിലും ഇവരില്‍ അര ശതമാനത്തെ പോലും സര്‍ക്കാര്‍ മേഖലയില്‍ ഉപയോഗിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ അപര്യാപ്തതയെ തുടര്‍ന്ന് പലരും സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവുകള്‍ താങ്ങാന്‍ പറ്റുന്നില്ലെന്നാണ് പറയുന്നത്.
രാജ്യത്ത് ഏറ്റവും അധികം അര്‍ബുദമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 30 ശതമാനം രോഗവും വായയെ ബാധിക്കുന്നതാണ്. വായയിലെ അര്‍ബുദം ആരംഭത്തില്‍ കണ്ടെത്താനോ ചികിത്സ നല്‍കാനോ നിലവില്‍ സാധിക്കുന്നില്ല.
കര്‍ണാടകയില്‍ എല്ലാ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും സ്ഥിരം സര്‍ക്കാര്‍ ദന്ത ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും ദന്താരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അസിസ്റ്റന്റ് ഡെന്റൽ സര്ജന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു.