ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്രധാന കാരണക്കാർ ബാക്റ്റീരിയകളാണ്.
ഭക്ഷണശകലങ്ങൾ പല്ലിൽ കുറേ നേരം പറ്റിപ്പിടിച്ചിരിക്കുന്പോഴാണ് ബാക്റ്റീരിയകൾക്ക് പല്ലിൽ യഥേഷ്ടം വളർന്ന് ആസിഡുകളുടെ സഹായത്താൽ ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നത്.
ദന്താരോഗ്യം ശ്രദ്ധിക്കുന്നത് അത്യാവശ്യകാര്യമായി നമ്മൾ പരിഗണിക്കാറില്ല. എന്നാൽ, പല്ലിന്റെയും മോണയുടെയും മറ്റും രോഗങ്ങൾ മൂലമുണ്ടാകുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ നമ്മുടെയിടയിൽഉണ്ടാവാനിടയില്ല.
രാത്രിയിൽ പല്ലു തേയ്ക്കുന്നത്
രാവിലെയും വൈകുന്നേരവും രണ്ടോ മൂന്നോ മിനിറ്റ് ബ്രഷ് ചെയ്യണം. രാത്രിയിൽ പല്ല് തേയ്ക്കുന്നത് രാവിലെ പല്ല് തേയ്ക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള കാര്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ലുകളുടെ സാധ്യമായ എല്ലാ ഭാഗത്തും ബ്രഷ് എത്താൻ നാം ശ്രദ്ധിക്കണം.
അമിത ബലത്തിൽ പല്ല് തേച്ചാൽ
പക്ഷേ, അമിത ബലമുപയോഗിച്ച് പല്ല് തേച്ചാൽ പല്ലിൽ കുഴികൾ രൂപപ്പെടാനും പല്ലിനു പുളിപ്പുണ്ടാവാനും പല്ലിന്റെ നിറം കുറഞ്ഞു മഞ്ഞപ്പ് ബാധിക്കാനും സാധ്യതയുണ്ട്.
താരതമ്യേന ബലം കുറഞ്ഞ പല്ലുള്ളവർ പൽപ്പൊടി, ഉമിക്കരി മുതലായ പല്ലുകളുടെ പ്രതലത്തിൽ ശക്തമായി ഉരസുന്ന പദാർഥങ്ങൾ ഉപയോഗിച്ചാലും ഇതേ തകരാറുകൾ പല്ലുകളുടെ തേയ്മാനം മൂലം ഉണ്ടായേക്കാം.
ഒരു ടൂത്ത് ബ്രഷ് എത്രനാൾ?
മൂന്നു നാലു മാസത്തിലധികം ഒരേ ടൂത്ത് ബ്രഷ് ഉപയോഗിക്കരുത്. സോഫ്റ്റ്, മീഡിയം,ഹാർഡ് എന്ന 3 വിഭാഗം ടൂത്ത് ബ്രഷുകൾ ഉണ്ടെങ്കിലും, ‘മീഡിയം’ ടൂത്ത് ബ്രഷുകളാണ് മിക്കവർക്കും അനുയോജ്യം. നാവ് ബ്രഷ് ചെയ്യുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും.
ഡെന്റൽ ഫ്ലോസുകൾ
തൊട്ടുതൊട്ടു നിൽക്കുന്ന പല്ലുകളുടെ ഇടയിൽ വൃത്തിയാക്കാൻ ടൂത്ത് ബ്രഷുകൾ മാത്രം ഉപയോഗിച്ചാൽ പോരാ. അതിന് ഡെന്റൽ ഫ്ലോസുകൾ ആവശ്യമാണ്. രണ്ടു കൈകളും ഉപയോഗിച്ച് വലിച്ചുപിടിച്ച ശേഷം പല്ലുകൾക്കിടയിൽ കടത്താവുന്ന നേർത്ത നൂലുകളോ റിബണുകളോ ആണ് ഡെന്റൽ ഫ്ലോസുകൾ.
വദനരോഗങ്ങൾ ഉള്ളവരിൽ….
പല്ലിന്റെയും മോണയുടെയും അസുഖങ്ങളോട് ബന്ധപ്പെട്ട് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ഉദരരോഗങ്ങൾ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ മുതലായവ വരാൻ സാധ്യതയുണ്ടെന്ന് കുറേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വദനരോഗങ്ങളുള്ള അമ്മമാരിൽ മാസം തികയാതെയുള്ള പ്രസവവും തുടർന്ന് നവജാത ശിശുക്കളിൽ തൂക്കക്കുറവും കണ്ടുവരുന്നു.
പല്ലിനു വില്ലൻ…
ഇടയ്ക്കിടെ മധുരപലഹാരങ്ങളും കോളകളും മറ്റും ഉപയോഗിക്കുകയും അപ്പപ്പോൾ വായ നല്ലതുപോലെ വൃത്തിയാക്കാൻ മടികാണിക്കുകയും ചെയ്യുന്നവർക്ക് ദന്ത ചികിത്സയ്ക്ക് വലിയ തുക ചെലവഴിക്കേണ്ടി വരും.
പല്ലിൽ ഒട്ടിപ്പിടിക്കുന്ന സ്വഭാവമുള്ള ഭക്ഷണ പദാർഥങ്ങൾ പല്ലുകളിൽ ബാക്റ്റീരിയകൾ വളർന്ന് ആസിഡുകൾ ഉത്പാദിപ്പിച്ചു ദന്ത ക്ഷയത്തിന് അനുകൂലസാഹചര്യം ഉണ്ടാക്കുന്നവയാണ്.
പല്ലിന് ഏറ്റവും ദോഷകരമായ ഭക്ഷണപദാർഥം പഞ്ചസാരയാണെന്നാണ് ശാസ്ത്രലോകം നിസംശയം പറയുന്നത്.എന്നാൽ,
പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്.
(തുടരും)
വിവരങ്ങൾ: ഡോ.ഡോൺ തോമസ്,
ഡെന്റൽ സർജൻ(DEIC),
ഗവൺമെന്റ് ജനറൽ(ബീച്ച് )ആശുപത്രി,
കോഴിക്കോട്.