ന്യൂയോർക്ക്: ലോണ ഐലന്റിൽ ഇന്ത്യൻ വംശജയും ഡെന്റൽ ഡോക്ടർ വിദ്യാർത്ഥിനിയുമായ തരണ്‍ജിത് പാർമറിനെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ പോലീസ് ഉൗർജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
പാർമർ ഓടിച്ചിരുന്ന ജീപ്പിൽ മറ്റൊരു ട്രക്ക് ഇടിച്ചതിനെ തുടർന്നു ഇരുവാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടു. പാർമർ ജീപ്പിൽ നിന്നും ഇറങ്ങി ജീപ്പിനുപറ്റിയ കേടുപാടുകൾ പരിശോധിക്കുന്നതിനിടയിൽ ട്രക്ക് ഡ്രൈവർ പാർമറെ ഇടിച്ചിട്ട ശേഷം അതിവേഗം വാഹനം ഓടിച്ചു പോകുകയായിരുന്നു.
ജീപ്പിൽ നിന്നും ഇറങ്ങി മാതാവിനെ ഫോണിൽ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ട്രക്ക് ്രെഡെവർ വാഹനം മുന്നോട്ടെടുത്തത്. ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നുവെന്നും ഇത്രയും ചെറിയ അപകടത്തിൽ പാർമറുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദിയായ ഡ്രൈവറെ എത്രയും വേഗം കണ്ടെത്തണമെന്നും നാസു കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് വിൻസന്റ് ഗാർസിയ പറഞ്ഞു. അഡൽഫി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ പാർമറിനു തലയ്ക്കും ശരീരത്തിനും കാര്യമായ പരുക്കേറ്റിരുന്നു. നാസു യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിപ്പോർട്ട്: പി.പി.ചെറിയാൻ