മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.
പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ:
1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു
പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല്
പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ
ഇതിനെല്ലാം കൃത്യമായ ചികിൽസ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം
2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ
ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും
3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന
ചികിൽസയുടെ സങ്കീർണത കുറയും.
4. പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ
ചന്തം വരുത്താനാവും.
5. പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ
മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.
7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.
കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റു കൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.
എന്തു ചികിത്സ ചെയ്താലും പരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.
സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.
വിവരങ്ങൾ
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903