ആളുകളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സോഷ്യല്‍മീഡിയകളിലൂടെ ആളുകള്‍ പങ്കുവയ്ക്കാറുണ്ട്. സമാനമായ രീതിയില്‍ രണ്ട് ദിവസമായി ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് പല്ലുവേദന മാറ്റാന്‍ നാട്ടുവൈദ്യമായി ‘പുഴു വടിക്കല്‍’ ചികിത്സ ചെയ്യുന്നു എന്നത്. പുഴു വടിക്കല്‍ എന്നാല്‍ ചികിത്സയുടെ ഭാഗമായി കവിളിലൂടെ പുഴുക്കളെ പുറത്തു ചാടിക്കുന്ന രീതി. രാജഗോപാല്‍ എന്നയാള്‍ തന്റെ മകന്റെ പല്ലുവേദന മാറ്റാന്‍ നടത്തിയ നാട്ടു ചികിത്സയുടെ അനുഭവ സാക്ഷ്യമെന്നോണം ഫോട്ടോയും വിഡിയോയുമടക്കം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ചയായത്. മകന് പല്ലുവേദനയ്ക്ക് നാട്ടുവൈദ്യം ചെയ്യുന്നവര്‍ മരുന്നരച്ച് തേച്ചപ്പോള്‍ ഓരോ രോമ കുഴികളില്‍ നിന്നും പുഴു പോലെ നീണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. ്ത് ഒരു ബ്ലേഡ് ഉപയോഗിച്ച് വടിച്ച് കളഞ്ഞുകൊണ്ടിരുന്നു എന്നാണ് ഫേസ്ബുക്കില്‍ വിവരിക്കുന്നത്. അത്ഭുതകരമായി പല്ലുവേദന മാറി എന്നും പോസ്റ്റില്‍ പറയുന്നു. മൂവായിരത്തിലധികം ആളുകളാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്.
എന്നാല്‍ ഇയാളുടെ വാദം തെറ്റാണെന്നും അത്തരത്തിലുള്ള ചികിത്സാരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുമുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെന്റിസ്റ്റ് അശോക് രാജ്. ഡോ. അശോക് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
വടിച്ചെടുക്കപ്പെടുന്ന പുഴുക്കളും… പുറകോട്ടു നടക്കുന്ന മനുഷ്യരും….
”പുഴു വടിക്കല്‍” എന്നൊരു ചികിത്സ വഴി പല്ല് വേദന മാറ്റുന്നു എന്നവകാശപ്പെടുന്ന ഒരു പോസ്റ്റ് കണ്ടതുകൊണ്ടാണ് ഈ ലേഖനം എഴുതുന്നത്…സംഗതി ഇങ്ങനെയാണ്… പതിനൊന്നു വയസ്സുള്ള ഒരു കുട്ടിക്ക് പല്ല് വേദന വന്നു dentist നെ കാണിച്ചപ്പോള്‍ കുട്ടിക്ക് രണ്ടുമൂന്നു മരുന്നുകള്‍ എഴുതി കൊടുക്കുകയും കുട്ടിയുടെ എട്ടോളം പല്ലുകള്‍ പറിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു പഴയ നാട്ടുചികില്‍സയെ പറ്റി കേട്ടതും ചെന്ന് നോക്കിയതും… ഒരു പച്ചമരുന്നു കുട്ടിയുടെ കവിളില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം ബ്ലേഡ് കൊണ്ട് വടിച്ചു കളയുന്നതാണ് ചികിത്സ… അപ്പോള്‍ ഓരോ രോമകൂപങ്ങളില്‍ നിന്നും കാണാന്‍ പറ്റാത്ത അത്ര ചെറിയ പല്ല് വേദനയുടെ പുഴുക്കള്‍ പുറത്തു വരുന്നു എന്നാണു സങ്കല്‍പം. കുട്ടിയുടെ പല്ല് വേദന മാറിയ വിവരം രക്ഷിതാവ് Face bookയില്‍ പോസ്റ്റ് ഇടുന്നു. dentist പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടിയുടെ എട്ടു പല്ലുകള്‍ വെറുതെ പറിച്ചു കളഞ്ഞേനെ എന്ന് കമന്റുകളില്‍ മറ്റു ചിലര്‍ രോഷം കൊള്ളുന്നു
കണ്ടപ്പോള്‍ മറ്റു ചില കാഴ്ചകളും മനസ്സില്‍ വന്നു ഒന്ന് കോഴിക്കോട് നിലമ്പൂര്‍ യാത്രകളില്‍ കാണുന്ന ബസ്സില്‍ കയറി യുക്കാലി തൈലം വില്‍ക്കുന്ന ഒരാളെയാണ്. മറ്റൊന്ന് വഴിയരികില്‍ ഇരുന്നു പല്ല് പറിക്കുന്ന street dentist കളെ ക്കുറിച്ച് ഉള്ള ഒരു യു ട്യൂബ് വീഡിയോയും…
പല്ലിനെ സംബന്ധിച്ചതും അല്ലാത്തതുമായ വിത്യസ്തമായ പല രോഗങ്ങളുടെ ലക്ഷണമായി പല്ല് വേദന എന്ന ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതില്‍ ചിലത് മാത്രമാണ് ഇന്ന് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയുന്നത്.
പല്ല് വേദനയുടെ അടിസ്ഥാന കാരണങ്ങള്‍ പറയുന്നതിന് മുന്‍പ് പല്ലിന്റെ ഘടനയെ പറ്റി രണ്ടു വാക്ക്… ആദ്യമായി പല്ലിന്റെ ചിത്രം വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തിയത് എട്ടാം ക്ലാസിലെ ജീവശാസ്ത്രത്തില്‍ ആണെന്നാണ് ഓര്‍മ്മ… (ഒരു എട്ടാം ക്ലാസ് ലെവലിലുള്ള ശാസ്ത്രം പോലും മനസ്സിലാക്കാതെ ബാക്ടീരിയ, വൈറസ് തുടങ്ങിയതോന്നും ഇല്ല എന്ന് പറയുന്നവര്‍ തുടര്‍ന്ന് വായിക്കണംന്നില്ല )
എല്ലിന്റെ ഉള്ളില്‍ മജ്ജ ഉള്ളത് പോലെ പല്ലിന്റെ ഉള്ളിലും മജ്ജ പോലൊരു ഭാഗമുണ്ട്. പള്‍പ്പ് എന്ന് വിളിക്കുന്ന ഈ ഭാഗത്താണ് രക്തക്കുഴലുകളും ഞരമ്പുകളും സ്ഥിതി ചെയ്യുന്നത് ( ചിത്രം ഒന്നാമത്തെ കമന്റില്‍ )
ചൂട് ,തണുപ്പ് ,സ്പര്‍ശം,വേദന തുടങ്ങിയ എല്ലാ അനുഭവങ്ങളും തലച്ചോറില്‍ എത്തിക്കുന്നത് ഞരമ്പുകള്‍ വഴി ആണ് എന്നറിയാമല്ലോ… പൊതുവായി പറഞ്ഞാല്‍ പല്ലിന്റെ ഉള്ളിലുള്ള ഞരമ്പുകളുടെ നേരിട്ടുള്ള ഉത്തേജനം (direct stimulation) വേദന ആയും നേരിട്ടല്ലാത്ത ഉത്തേജനം (indirect stimulation ) പല്ല് പുളിപ്പ് ആയും ആണ് കാണാറ്. പല്ലിനെ ചുറ്റി ഉള്ള മോണയിലും താടി എല്ലിന്റെ ഭാഗങ്ങളിലും ഒക്കെ ഞരമ്പുകള്‍ ഉണ്ട്. ഇവയുടെ ഉത്തേജനം കൊണ്ടും വേദന ഉണ്ടാകാം… ഇങ്ങനെ ഉള്ള ഓരോരോ പ്രശ്‌നങ്ങളുടെ ഭാഗമായുള്ള വേദനയും സൂക്ഷ്മ പരിശോധനയില്‍ വിത്യസ്ത തരം വേദന ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.വിത്യസ്തമായ ഈ രോഗങ്ങള്‍ക്ക് ചികിത്സയും വിത്യസ്തമായിരിക്കും…
രണ്ടാമത്തെ കമന്റിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ ദന്തക്ഷയം (പല്ലിലെ പോട് ) പല്ലിനുള്ളിലെ മജ്ജ പോലുള്ള ഭാഗത്തേക്ക് എത്തുകയും പിന്നീട് ഈ ഭാഗങ്ങളില്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തന ഫലമായി പഴുപ്പ് ബാധിക്കുകയും ചെയുമ്പോള്‍ ശക്തമായ വേദന ഉണ്ടാകും… പിന്നീട് പഴുപ്പ് മോണയിലേക്കും താടിയെല്ലിലേക്കും കഴുത്തിലേക്കും ഒക്കെ വ്യാപിക്കാം
മറ്റു സമാന്തര ചികിത്സാ രീതികളില്‍ ഉള്ള പലരും മോഡേണ്‍ മെഡിസിന്‍ നെ കുറ്റം പറയാന്‍ സ്ഥിരമായി പറയുന്ന അടിസ്ഥാന രഹിതമായ ചില വാദങ്ങളുണ്ട്. ആധുനിക വൈദ്യശാസ്ത്രം രോഗത്തെ ചികില്‍സിക്കുന്നില്ല… രോഗ ലക്ഷണങ്ങളെ അടിച്ചമര്‍ത്തുക മാത്രമാണ് ചെയ്യുന്നത് എന്നതാണ് ഒരു ആരോപണം…… ആധുനിക വൈദ്യം രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമല്ല ഉണ്ടാക്കുന്നത്. പിന്നീട് കൂടുതല്‍ ശക്തമായി രോഗം തിരിച്ചു വരും എന്നതാണ് മറ്റൊന്ന്….. ഒരു രോഗലക്ഷണം ഉള്ള എല്ലാവര്ക്കും ഒരേ ചികിത്സ അല്ല കൊടുക്കേണ്ടത് അതായത് ചികിത്സ വ്യക്തിഗതമാവണം എന്നും ഒരു ആരോപണത്തിന്റെയോ ഉപദേശത്തിന്റെയോ പരിഹാസത്തിന്റെയോ രൂപത്തില്‍ പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തിനു നേരെ പ്രയോഗിക്കുന്നുണ്ട്…
ഇത്തരം ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്നു മനസ്സിലാക്കാന്‍ പല്ല് വേദനക്കുള്ള നാട്ടു ചികിത്സകളും ആധുനിക ദന്തവൈദ്യവും താരതമ്യം ചെയ്തു നോക്കിയാല്‍ മതി
നോക്കൂ… പല്ല് വേദന ഉണ്ടാകാന്‍ ഉള്ള അടിസ്ഥാന കാരണം പല്ലില്‍ ഒരു ആഴത്തിലുള്ള പൊത്ത് ഉണ്ടായതും അതിലൂടെ ഉള്ളിലേക്ക് പഴുപ്പ് കയറിയതും ആണ്… അടിസ്ഥാന കാരണമായ പല്ലിലെ പോട് ഏതു നിമിഷവും പഴുപ്പ് ബാധിക്കാവുന്ന സാധ്യതയായി അവിടെത്തന്നെ നില്‍ക്കുമ്പോള്‍ കവിളില്‍ പച്ചമരുന്നു അരച്ചിടുകയോ യുക്കാലി തൈലം പഞ്ഞിയിലാക്കി പൊത്തില്‍ വെക്കുകയോ ചെയുന്ന ചികിത്സ അടിസ്ഥാന കാരണത്തെ ചികില്‍സിക്കുന്നില്ല… (ലക്ഷണങ്ങളെ പോലും ശരിയായി ചികില്‍സിക്കുന്നില്ല എന്നതാണ് സത്യം ). ഇത്തരം ചികിത്സകള്‍ രോഗിയുടെ ഭാഗ്യം പോലെ ചിലപ്പോള്‍ ചില താത്കാലിക ആശ്വാസങ്ങള്‍ ഉണ്ടാക്കിയേക്കാം.
ആധുനിക ദന്ത വൈദ്യത്തില്‍ ആണെങ്കില്‍ വേദനയുടെ സ്വഭാവവും മറ്റുള്ള ലക്ഷണങ്ങളും നോക്കി ആവശ്യമെങ്കില്‍ x ray പോലുള്ള ചില ടെസ്റ്റ് കളുടെയും അടിസ്ഥാനത്തില്‍ എന്ത് കാരണം കൊണ്ടാണ് വേദന എന്ന് കൃത്യമായി മനസ്സിലാക്കി അതിനുള്ള ചികിത്സ ആണ് ചെയുന്നത് . ഓരോ തരം വേദനക്കും ചികിത്സ വിത്യസ്തമാവും. പക്ഷെ നാട്ടു മരുന്നുകളില്‍ എല്ലാ പല്ല് വേദനയും ഒരു പോലെ ചികിത്സിക്കുന്നു. പൊട്ടക്കണ്ണന്‍ മാവിലെറിയുന്ന പോലെ ചിലത് ഫലിക്കുന്നു…
കൃത്യമായ നിഗമനങ്ങളില്‍ എത്താന്‍ വേണ്ട വിവരങ്ങള്‍ ആ വീഡിയോയില്‍ നിന്നും ലഭ്യമല്ല… ലഭ്യമായ വിവരങ്ങള് വെച്ച് ചില കാര്യങ്ങള്‍ പറയട്ടെ.
1) ഈ വീഡിയോയെ എന്റെ മുന്‍ലേഖനങ്ങളില്‍ പറഞ്ഞ; ആളുകളെ മനപ്പൂര്‍വം പറ്റിക്കുന്ന വ്യാജ വൈദ്യന്മാരുടെ ഗണത്തില്‍ പെടുത്തി പുഛിക്കുന്നില്ല. ആ ചികിത്സ ചെയ്ത വല്യമ്മ പ്രതിഫലം വാങ്ങാതെ ചെയ്തതാണെന്ന് പറയുന്നു… ചികിത്സ ചെയ്ത കുട്ടിയുടെ രക്ഷിതാവും തന്റെ അനുഭവമാണിത് എന്നതിനപ്പുറം വലിയ വലിയ സിദ്ധാന്തങ്ങളോ അവകാശ വാദങ്ങളോ സ്വയം പടച്ചുണ്ടാക്കുന്ന ആളുകളുടെ ഗണത്തില്‍ പെടുന്നതായി തോന്നിയില്ല. (പോസ്റ്റ് നു താഴെ കമന്റുകള്‍ എഴുതിയവരില്‍ ചിലര്‍ ഇത്തരം സിദ്ധാന്തങ്ങള്‍ ഇറക്കുന്നുണ്ടായിരുന്നു ).പക്ഷെ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണല്ലോ പഴമൊഴി… അവര്‍ സ്വാര്‍ത്ഥ ലാഭത്തിനായി ചെയ്തതല്ലെങ്കില്‍ പോലും ഇതിലെ അശാസ്ത്രീയതയെ പറ്റി പറയാതെ നിവൃത്തി ഇല്ല.
2) പല്ല് വേദന ഉണ്ടാക്കുന്നത് പുഴുക്കളാണ് എന്നത് ഈ ബാക്ടീരിയ ഒക്കെ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള ഒരു പ്രാകൃത സങ്കല്പമാണ്. അതിനു യാഥാര്‍ത്ഥ്യം ആയോ ശാസ്ത്രവുമായോ ഒരു ബന്ധവും ഇല്ല. ശൂന്യതയില്‍ നിന്ന് ഭസ്മം എടുക്കുന്ന ചെപ്പടി വിദ്യ ദിവ്യന്മാര്‍ ഉപയോഗിക്കുന്നത് പോലെ ദന്തവൈദ്യത്തിലെ വ്യാജന്മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പല്ലില്‍ നിന്നും പുഴുവിനെ എടുക്കല്‍… ( എന്തിനു അവരെ പറയുന്നു… വാശി പിടിച്ചു കരയുന്ന മൂന്നോ നാലോ വയസ്സുള്ള കുട്ടികളെ ചികിത്സിക്കുമ്പോള്‍ ഞങ്ങളും ചിലപ്പോ പറയാറുണ്ട്…മോനേ കരയല്ലേ പല്ലിലെ പുഴൂനേ എടുത്തു കളഞ്ഞിട്ട് പല്ല് വേദന മാറി വീട്ടിപോവാം ട്ടോ” ന്ന്. )
3) നിങ്ങള്‍ ഈ പറയുന്ന ബാക്ടീരിയ തന്നെ ആയിരിക്കും കണ്ണില്‍ കാണാന്‍ പറ്റാത്ത പുഴുക്കള്‍ എന്ന് ആ വല്യമ്മ പറഞ്ഞത് ??? ന്ന് ചോദിക്കാം.
അപ്പോഴും പ്രശ്‌നം തീരുന്നില്ല… ഇത്തരം ബാക്ടീരിയക്ക് എതിരായി പ്രകൃതി തന്നെ ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു കനത്ത കൊട്ടമതിലാണ് ശരീരത്തിന്റെ പുറം തൊലി… ആരോഗ്യമുള്ള ത്വക്ക് ബാക്ടീരിയയെ അകത്തോട്ടോ പുറത്തോട്ടോ കടത്തിവിടില്ല. മാത്രമല്ല പച്ചമരുന്നിനെ പേടിച്ചിട്ടു ഓടിയൊളിക്കാന്‍ ആണെങ്കില്‍ ഇതു കൂടുതല്‍ ഉള്ളിലോട്ടല്ലേ പോവുക
4) എന്താ നിങ്ങള്‍ക്ക് ഇവരെ അഗ്ഗീകരിച്ചാല്‍ ?? ഞങ്ങള്‍ മാത്രമാണ് ശരി എന്ന് പറയുന്നത് അഹങ്കാരമല്ലേ ??
അഹങ്കാരമല്ല… ശാസ്ത്രത്തിന്റെ രീതിയാണ്… എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍… നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന മന്ത്രിച്ചൂതല്‍, ചരട് ജപിച്ചു കെട്ടല്‍ തുടങ്ങിയ ചികിത്സകള്‍ കൊണ്ട് ഫലം കിട്ടി എന്ന് ആത്മാര്‍ഥമായി പറയുന്ന പലരെയും കണ്ടേക്കാം… പക്ഷെ ശാസ്ത്രം അനുഭവ സാക്ഷ്യങ്ങളെ അല്ല ആധാരമാക്കുന്നത്. തെളിവുകളെയാണ്… ഇതേ ചികിത്സ ഡെന്റല്‍ കോളേജ്‌ലെ ഒരു പ്രൊഫസര്‍ അനുഭവസാക്ഷ്യം പറഞ്ഞാലും ശാസ്ത്രമാവില്ല… പക്ഷെ ഒരു സാധാരണക്കാരന്‍ പോലും കൃത്യമായ ചിട്ടവട്ടങ്ങളോടെ ചികിത്സകള്‍ ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്തു തെളിവുകള്‍ ഹാജരാക്കിയാല്‍ അതാണ് ശാസ്ത്രം.
ശാസ്ത്രീയമായ രീതികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദമാക്കാതെ ഇതു പൂര്‍ണമാവില്ല എന്നറിയാം. എങ്കിലും വിസ്താര ഭയം കൊണ്ട് അതു വിശദമായ മറ്റൊരു ലേഖനത്തിലേക്ക് നീക്കി വെക്കുന്നു. ഒന്ന് മാത്രം പറയട്ടെ… ശാസ്ത്രത്തിന്റെ രീതി എന്ന് പറഞ്ഞാല്‍ കണക്കിന്റെ രീതിയാണ്. കണക്കിന്റെ രീതി എന്നാല്‍ വെറും സാമാന്യ യുക്തിയും. പണ്ട് പത്താം ക്ലാസ്സില്‍ പഠിച്ച പ്രോബാബിലിറ്റി…. ആശ്വാസം കിട്ടിയത് മരുന്നിന്റെ ഫലമാകാന്‍ ഉള്ള സാധ്യതയും യാദിര്‍ശ്ചികം ആവാനുള്ള സാധ്യതയും തമ്മിലുള്ള താരതമ്യം ആണത്. ശാസ്ത്രത്തിന്റെ ഈ രീതി പിന്തുടരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ആധുനിക വൈദ്യം മറ്റു സമാന്തര ചികിത്സകളെ അപേക്ഷിച്ച് ഒരുപാട് മുന്നേറാന്‍ കാരണമായത്.
5) എന്ത് കൊണ്ട് വേദന മാറി എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ ???എന്ന് ചോദിക്കാം
മുന്‍പ് പറഞ്ഞ പോലെ വ്യക്തമായ ഒരു നിഗമനത്തില്‍ എത്താന്‍ ഉള്ള വിവരങ്ങള്‍… വേദനയുടെ സ്വഭാവം,ഏതൊക്കെ പല്ലുകള്‍ക്ക് ആണ് കേടു, എത്രത്തോളം കേടുണ്ട് ,പല്ലുകള്‍ക്ക് ഇളക്കമുണ്ടോ ,തുടങ്ങിയ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാത്തതിനാല്‍ കൃത്യമായ നിഗമനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്… എങ്കിലും ചില സാദ്ധ്യതകള്‍ പരിശോധിക്കാം
6) പഴുപ്പ് ഉണ്ടാക്കുന്ന ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളും ശരീരത്തിന്റെ പ്രതിരോധ ശേഷിയും തമ്മിലുള്ള യുദ്ധമാണ് ഓരോ infection ലും സംഭവിക്കുന്നത്. പല്ല് വേദനയും വിത്യസ്തമല്ല. ഏതു ഭാഗത്തിനാണ് യുദ്ധത്തില്‍ മുന്‍തൂക്കം എന്നതനുസരിച്ച് പലപ്പോഴും അതു ചാക്രികമായി ഇടയ്ക്കിടെ കൂടുകയും കുറയുകയും മാറുകയും വീണ്ടും വരികയും ഒക്കെ ചെയാറുണ്ട്
7 ) താനെ കുറയുമെങ്കില്‍ പിന്നെ dentist ന്റെ ചികിത്സ എന്തിനാന്നായിരിക്കും…
ഈ യുദ്ധത്തിലെ മുന്‍തൂക്കം ശാശ്വതമല്ല. പഴുപ്പ് ബാധിച്ച പല്ലിന്റെ ഉള്‍ഭാഗം ഒരു കോട്ട പോലെ പ്രവര്‍ത്തിച്ചു ബാക്ടീരിയക്ക് സുരക്ഷിത താവളം ഒരുക്കുന്നു (focus of infection)… പഴുപ്പ് വരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പല്ല് പറിക്കുകയോ റൂട്ട് കനാലോ ചെയുമ്പോള്‍ ഈ കോട്ടപൊളിച്ചു ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ശാശ്വതമായ മുന്‍തൂക്കം കിട്ടുന്നു.
8 )ബാക്ടീരിയക്ക് മുന്‍തൂക്കം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ അപകടകരമായ നിലയില്‍ പഴുപ്പ് വ്യാപിക്കാനും സാധ്യത ഉണ്ട്
9 ) obtundent effect – പല്ലിലെ പോടില്‍ വെക്കുന്ന ചില നാട്ടു മരുന്നുകള്‍ ഫലം ചെയുന്നത് ഞരമ്പുകളുടെ അഗ്രത്തില്‍ (nerve ending) താത്കാലിക വേദന സംഹാരി ( sedative)ആയി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഇത്തരം വസ്തുക്കള്‍ പലതും കവിളിലെയും നാവിലെയും തൊലിക്ക് പൊള്ളല്‍ വരുത്താന്‍ കഴിവുള്ളതിനാല്‍ ഉപയോഗം പ്രശ്‌നമുണ്ടാക്കാം. വേദനക്ക് ചിലപ്പോള്‍ ചെറിയ ആശ്വാസം കിട്ടാം പക്ഷെ ഇത്തരം മരുന്നുകള്‍ നേരിട്ടു സ്പര്‍ശിക്കുന്ന ഞരമ്പുകളുടെ അഗ്രത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അതിനാല്‍ പല്ലിന്റെ ഉള്ളില്‍ ആഴത്തില്‍ പഴുപ്പ് ബാധിച്ച അവസരത്തില്‍ ചിലപ്പോള്‍ സ്ഥിതി വഷളാവും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദന്തവൈദ്യത്തില്‍ ഇത്തരം വസ്തുക്കളുടെ ഉപയോഗം വളരെ പരിമിതമാണ്.
(എന്റെ ഒരു സീനിയര്‍ ഡോക്ടര്‍ ഇതിനെ താരതമ്യപ്പെടുതിയിരുന്നത് തലവേദന വരുമ്പോള്‍ ഒരു ചുറ്റിക എടുത്തു തലക്കൊന്ന് മേടിയാല്‍ പിന്നെ കുറെ സമയത്തേക്ക് തലവേദന അറിയില്ല എന്ന് പറഞ്ഞാണ് )
10) counter irritation/counter stimulation – തൊലിപ്പുറത്ത് പുരട്ടുന്ന വിക്‌സ്, ബാം തുടങ്ങിയ വസ്തുക്കള്‍ താത്കാലിക ആശ്വാസം നല്‍ക്കുന്നത് ഈ പ്രതിഭാസം വഴി ആണ് വേദനയുടെ സന്ദേശം സഞ്ചരിക്കുന്ന വഴിയിലേക്ക് വേറെയും സഞ്ചാരികളെ കടത്തിവിട്ടു ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്ന രീതി. തുളസി, കഞ്ഞിക്കൂര്‍ക്ക, നാരകം, കര്‍പ്പൂരം തുടങ്ങിയ പല നാട്ടുമരുന്നുകള്‍ക്കും സമാന ഫലങ്ങള്‍ ഉണ്ടാകാം. പക്ഷെ വളരെ നേരിയതും താത്കാലികവുമായ ഫലങ്ങള്‍ മാത്രം . അടിസ്ഥാന കാരണത്തെ ചികില്‌സിക്കുന്നുമില്ല.
11 ) തിരുമ്മുന്നത് കൊണ്ട് ആ ഭാഗത്തെ രക്തയോട്ടം വര്‍ധിക്കുന്നു എന്നും പറയാമെങ്കിലും താടിയെല്ലിലേക്ക് പഴുപ്പ് വ്യപിച്ച അവസരങ്ങളില്‍ ഇത്തരം ചികിത്സകള്‍ക്കു വിപരീത ഫലമാവും. പഴുപ്പ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യപിക്കാം.
12 ) പല്ലിലെ പോടിനു ആഴം കുറവാണ് എങ്കില്‍ reversible pulpitis എന്ന അവസ്ഥ ആകാം. ഇവിടെ പല്ലിലെ പൊത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ നില്‍ക്കുമ്പോള്‍ മാത്രം വേദന തോന്നുകയും ആ ഭക്ഷണ അവശിഷ്ടങ്ങള്‍ പോകുമ്പോള്‍ താനെ വേദന കുറയുകയും ചെയാറുണ്ട്. ഇതു നാട്ടു മരുന്നിന്റെ ഫലമാണെന്ന് തെറ്റിധരിക്കപ്പെടാം
13 ) പൊതുവേ പല്ലിനു പഴുപ്പ് ബാധിച്ചു വേദന വരുമ്പോള്‍ രാത്രി സമയത്ത് വേദന കൂടുകയും പകല്‍ വേദന കുറയുകയും ചെയ്യുക പതിവാണ്. ഇതും നാട്ടു മരുന്നിന്റെ ഫലമായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.. (പ്രത്യേകിച്ചും പുഴു വടിക്കല്‍ ചെയ്തത് രാവിലെ ആണെങ്കില്‍ )
14) ഈ പറഞ്ഞ obtundent effect ഉം counter irritation effect ഉം ഒക്കെ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ഈ പച്ചമരുന്നുകള്‍ ഒന്ന് ഉപയോഗിച്ചു നോക്കിക്കൂടെ ..??
പഴയ പല നാട്ടു ചികിത്സകളില്‍ നിന്നും പുരോഗമിച്ചു പുരോഗമിച്ചു ആണ് ഇന്നത്തെ ആധുനിക വൈദ്യം ഉണ്ടായതു…
മികച്ച ചികിത്സകള്‍ ഇല്ലാത്ത അന്നത്തെ കാലത്ത് നിലനിന്ന ഇത്തരം നാട്ടു വൈദ്യങ്ങള്‍ തെറ്റെന്നു പറയാനാവില്ല. പക്ഷെ വളരെ അധികം predictable ആയ, കൃത്യമായി ചെയ്താല്‍ 99% ത്തില്‍ അധികം വിജയസാധ്യത ഉള്ള ധാരാളം ചികിത്സകള്‍ ഇന്ന് ആധുനിക ദന്തവൈദ്യത്തില്‍ ഉണ്ട്… അപ്പോള്‍ പ്രവചനാതീതമായ, ഭാഗ്യമുണ്ടെങ്കില്‍ മാത്രം ഫലങ്ങള്‍ കിട്ടാനിടയുള്ള ചികിത്സക്ക് പുറകെ പോകുന്നത് മണ്ടത്തരമാണ്
പണ്ട് ഈ ബാക്ടീരിയ ഒക്കെ കണ്ടുപിടിക്കുന്നതിനു മുന്‍പ് അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്ലൌസ് ഇടാതെയാണ് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നത്. അതു അന്നത്തെ ശരി. പക്ഷെ പാരമ്പര്യമെന്നും വന്ന വഴി മറക്കരുതെന്നും ഒക്കെ പറഞ്ഞു ഇന്നത്തെ കാലത്ത് ഈച്ചയാര്‍ക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പല്ല് പറിക്കുന്ന street dentist കളെയോ വീട്ടില്‍ പ്രസവമെടുക്കുന്ന വയറ്റാട്ടികളെയോ ന്യായീകരിക്കാന്‍ വന്നാല്‍ അംഗ്ഗീകരിക്കാന്‍ കഴിയില്ല
ഞങ്ങള്‍ പഠിച്ചത് ശാസ്ത്രമാണ്… ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായ ചികിത്സകള്‍ ചെയുന്നത് രോഗിയോടുള്ള കടുത്ത ദ്രോഹവും വിശ്വാസ വഞ്ചനയും ആണ്. അതു കൊണ്ട് ശാസ്ത്ര തത്വങ്ങള്‍ക്ക് എതിരായ ചികിത്സകള്‍ ചെയ്യാന്‍ നിവൃത്തിയില്ല.
പല്ലുവേദന മാറിയില്ലെങ്കില്‍ ആരും നാരായണേട്ടത്തിയുടെ പടിക്കല്‍ പോയി പൊങ്കാല ഇടില്ല. പക്ഷെ ഞങ്ങള്‍ ചികിത്സിച്ചു വേദന മാറിയില്ലെങ്കില്‍ കഥ മാറും. കാരണം
വ്യജവൈദ്യത്തില്‍ അസുഖം മാറുന്നതാണ് വലിയ വാര്‍ത്തയാവുന്നത്. ആധുനിക വൈദ്യത്തില്‍ അസുഖം മാറുന്നത് സാധാരണ സംഭവം മാത്രം. അസുഖം മാറിയില്ലെങ്കില്‍ ആണ് വാര്‍ത്ത…
അനുഭവ സാക്ഷ്യം വെച്ച് പറഞ്ഞാലും കഥയില്‍ വലിയ മാറ്റമൊന്നും ഇല്ല നിങ്ങള്‍ക്ക് പല്ലുവേദന മാറിയ ഒരു അനുഭവസാക്ഷ്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ ചികിത്സിച്ചു വേദന മാറിയ ആയിരം സാക്ഷ്യങ്ങള്‍ ദിവസേന ഉണ്ടാകും
15) പുഴുക്കള്‍ പുറത്തു വരുന്നത് കാണാമല്ലോ… ???
കാണാന്‍ പറ്റാത്ത അത്ര ചെറിയ പുഴു എന്ന് ചികിത്സിച്ച വല്യമ്മ തന്നെ പറയുന്നു…. പക്ഷെ രക്ഷിതാവ് പറയുന്നു പുഴുവിനെ കണ്ടെന്നു… കൊള്ളാല്ലോ സംഗതി …കണ്ടുകണ്ടങ്ങിരിക്കും പുഴുക്കളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍… ഭഗവാന്‍ തേരി മായാ…
16) കുറെ പച്ച നിറത്തിലുള്ള കുത്തുകള്‍ പോലെ വീഡിയോയില്‍ കാണുന്നുണ്ട്.
എന്റെ മേഖല അല്ലാത്തതിനാല്‍ കൃത്യമായി പറയാന്‍ അറിയില്ല.
കണ്ടപ്പോള്‍ മുഖത്തെ രോമങ്ങളില്‍ പച്ചമരുന്നു തങ്ങി നില്‍ക്കുന്നതായെ തോന്നിയുള്ളൂ …
വേറെയും ചില സാദ്ധ്യതകള്‍ പറയാം. ത്വക്കില്‍ രോമങ്ങളോട് ചേര്‍ന്ന് എണ്ണമയമുള്ള സ്രവങ്ങള്‍ പുറപ്പെടുവിക്കുന്ന ചില ഗ്രന്ഥികള്‍ ഉണ്ട്. പച്ചില മരുന്ന് തേച്ചു തിരുമ്മുമ്പോള്‍ ഇലയിലുള്ള കൊഴുപ്പില്‍ അലിയുന്ന (fat soluble) ഘടകങ്ങള്‍ ചിലപ്പോള്‍ ഈ ഗ്രന്ഥികള്‍ ഉള്ള ഭാഗത്ത് കൂടുതലായി തങ്ങി നില്‍ക്കാം അതാവണം കുത്ത് കുത്ത് ആയി കാണുന്നത്. ത്വക് രോഗ വിദഗ്ദ്ധന്മാര്‍ ആരെങ്കിലും കൃത്യമായ മറുപടി തരുമെന്ന് കരുതുന്നു.
ഇനി ശരിക്കും പരീക്ഷിക്കാനും വലിയ ബുദ്ധിമുട്ടൊന്നും ഇല്ല പല്ലുവേദന ഇല്ലാത്ത ഒരു കുട്ടി… അല്ലെങ്കില്‍ ആ വീഡിയോയില്‍ കാണുന്ന കുട്ടിയുടെ വേദന ഇല്ലാത്ത ഇടതുവശത്ത് ഈ പരിപാടി ഒന്ന് ചെയ്തു നോക്കിയാ മതി .. അവിടേം കാണും ഈ പച്ച നിറത്തിലുള്ള കുത്ത് കുത്തുകള്‍
(ഇന്നലെ ഞാന്‍ പച്ചമരുന്നു തേക്കാതെ ഷേവ് ചെയ്തപ്പോളും അല്പസ്വല്പം കുത്തുകള്‍ പോലെ കണ്ടിരുന്നു ട്ടോ… )
17 ) dentist പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ എട്ടു പല്ലുകള്‍ പറച്ചു കളയേണ്ടി വന്നേനെ
സാധാരണ ഗതിയില്‍ എല്ലാ dentist കളും തീരെ നിവൃത്തി ഇല്ലാത്ത അവസരങ്ങളില്‍ ആണ് പല്ല് പറിക്കാന്‍ പറയുക. പക്ഷെ ഇവിടെ പരിഗണിക്കേണ്ട മറ്റൊരു പ്രധാന സംഗതി കുട്ടിയുടെ പ്രായമാണ്. സാധാരണ ഗതിയില്‍ കുട്ടികളിലെ പാല്‍പ്പല്ലുകള്‍ 6 മുതല്‍ 12വയസ്സ് വരേ ഉള്ള സമയത്താണ് പോഴിഞ്ഞു പോകുക. ആദ്യം മുന്‍ വരിയിലെ പല്ലുകളും പിന്നീട് അണപ്പല്ലുകളും . ഇതു കുറച്ചൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ആവാം. അതായത് 11 വയസ്സുള്ള ഒരു കുട്ടിയെ സംബന്ധിച്ച് ഓരോ വശത്തും ഈരണ്ടെണ്ണം വെച്ച് എട്ടു പാല്‍പല്ലുകള്‍ ഏതാണ്ട് പറിയാനായ അവസ്ഥയില്‍ ആയിരിക്കും ഉണ്ടാവുക. വേദന പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ പാല്‍പല്ലുകള്‍ സ്വാഭാവികമായി പറിഞ്ഞു പോകുന്നത് തന്നെയാണ് നല്ലത്. പറിഞ്ഞു പോകേണ്ട സമയത്തിന് വളരെ മുന്‍പ് പാല്‍പ്പല്ല് പറിച്ചു കളയുന്നതും ദോഷം ചെയ്യും.
എന്നാല്‍ വളരെ അധികം കേടുബാധിച്ച ഇടയ്ക്കിടെ വേദന വരുന്ന ഒരു പാല്‍പ്പല്ല് അതു പറിഞ്ഞു പോകാനുള്ള ഏകദേശ സമയം ആയിട്ടുണ്ടെങ്കില്‍ സമയവും അധ്വാനവും ചിലവും വളരെ കൂടിയ മറ്റു ചികിത്സകള്‍ നടത്തുന്നതിനെക്കള്‍ പറിച്ചു കളയുന്നതാവും നല്ലത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവിടെ പുതിയ പല്ല് മുളച്ചു വരും.
18) വളരെ ആഴത്തില്‍ പഴുപ്പ് ബാധിച്ച പാല്‍പല്ലുകള്‍ ചില അവസരങ്ങളില്‍ താഴെ വളരുന്ന സ്ഥിര ദന്തങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതെല്ലാം പരിഗണിച്ചാവണം ആ dentist പല്ല് പറിക്കാന്‍ നിര്‍ദേശിച്ചത്.
19) പല്ലുകള്‍ പറിഞ്ഞു പോകാനാവുന്ന സമയത്തും പല്ല് മുളക്കുന്ന സമയത്തും ചില്ലറ വേദനയോ ബുദ്ധിമുട്ടുകളോ ഉണ്ടാവാറുണ്ട്. തനിയെ ശരിയാവുന്നവ. വേദനയുടെ വിശദാംശങ്ങള്‍ വീഡിയോയില്‍ വ്യക്തമല്ല
20) side effect ഇല്ലാത്ത നാട്ടുമരുന്നു അല്ലേ… ഒന്ന് ചെയ്തു നോക്കുന്നതില്‍ തെറ്റുണ്ടോ ??
side effect ഉണ്ടോ ഇല്ലയോ എന്ന് പഠനം നടക്കാത്തത്തുകൊണ്ട് നാട്ടു മരുന്നുകള്‍ side effect ഇല്ല എന്നവകാശപ്പെടുന്നു. ആധുനിക വൈദ്യത്തിലെ മരുന്നുകള്‍ എല്ലാം effect ഉം side effect ഉം പഠനം നടത്തി കണ്ടുപിടിച്ചിട്ടുള്ളവയാണ്. side effect കളെപ്പറ്റി വ്യക്തമായ ധാരണ ഉള്ളതിനാല്‍ അറിവുള്ളവന്‍ ഉപയോഗിച്ചാല്‍ താരതമ്യേന സുരക്ഷിതവുമാണ്.
ആധുനിക വൈദ്യത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണ്ടുപിടിച്ചത് പ്രകൃതി ചികിത്സക്കാരല്ല. അതു ഈ മേഖലയില്‍ ഉള്ളവര്‍ തന്നെ കണ്ടു പിടിച്ചതാണ്. അതു കൊണ്ട് വിഷയത്തില്‍ ആധികാരിക അഭിപ്രായം പറയേണ്ടതും മോഡേണ്‍ മെഡിസിനില്‍ ഉള്ളവര്‍ തന്നെ. വളരെ കൂടിയ തെറ്റായ അളവിലോ ദീര്‍ഘകാലത്തെക്കോ ഒക്കെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് ഞങ്ങള്‍ പഠിച്ച പുസ്തകങ്ങളില്‍ വിവരിക്കുന്ന ഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഏകപക്ഷീയവും ദുരുദേശപരവുമായ ഇത്തരം വാദങ്ങള്‍ സത്യം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കില്ല.
ആ വീഡിയോക്ക് താഴെ ഉള്ള കമന്റുകളില്‍ നിന്നും മരുന്നുകളുടെ side effect നെ പറ്റി അമിതമായ ഭയമുള്ള ആളാണ് രക്ഷിതാവ് എന്ന് തോന്നി. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ ഇത്തരം ആളുകള്‍ പലപ്പോഴും ഡോക്ടര്‍ എഴുതിയ മരുന്നുകള്‍ കൃത്യമായി കഴിക്കാറില്ല. dentist നെ കണ്ടിട്ട് വേദന മാറാത്തതിനു ഇതും ഒരു കാരണമാവാം. ഇതൊക്കെ ഓരോരോ സാധ്യതകള്‍ മാത്രമാണ്
21 ) ഇതുകൊണ്ട് എന്ത് പ്രശ്‌നമുണ്ടാവും എന്നാണ് നിങ്ങള്‍ പറയുന്നത്.???
ഫലസിദ്ധി വ്യക്തമായി തെളിയിക്കപ്പെടാത്ത എല്ലാ ചികിത്സകളും ചെയുന്ന ദ്രോഹം ശരിയായ ചികിത്സ വൈകിപ്പിക്കുന്നു എന്നതാണ്… കൂടുതല്‍ ഗുരുതരമായ അവസ്ഥയിലാണ് രോഗി ആധുനിക വൈദ്യത്തിലേക്ക് എത്തുക. സ്വാഭാവികമായും ബുദ്ധിമുട്ടുകളും ചികിത്സാ ചിലവുകളും കൂടും ഫലം കുറയും.(അപ്പോഴും കുറ്റം പറയുക ആധുനിക വൈദ്യത്തെ തന്നെ എന്നതാണ് രസം)
എന്ത് സംഭവിക്കും എന്നത് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ കുട്ടിയെ സംബന്ധിച്ച് ആ പാല്‍പല്ലുകള്‍ പറിഞ്ഞു പോകുന്നത് വരേ വേദന വരാതിരുന്നാല്‍ ഭാഗ്യം എന്ന് പറയാം. മറ്റു ചിലരില്‍ നിലനിര്‍ത്താമായിരുന്ന പല്ലുകള്‍ പറിച്ചു കളയേണ്ട സ്ഥിതിയില്‍ എത്തും. പല്ലിലെ പഴുപ്പ് താടിയെല്ലിലും കഴുത്തിലും തൊണ്ടയിലും ഒക്കെ വ്യാപിച്ചു ഗുരുതരാവസ്ഥയില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല…
പല്ലിലെ പഴുപ്പ് ഇത്തരത്തില്‍ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു ഒരു വീട്ടമ്മ മരണപ്പെട്ടത് രണ്ടു മാസം മുന്‍പത്തേ വാര്‍ത്തയില്‍ ഉണ്ടായിരുന്നു
22) പഠിച്ചിട്ടു വിമര്ഷിക്കൂ സുകുര്‍ത്തേ…
ഇവിടെ ശാസ്ത്രം തന്നെ പഠിച്ചിട്ടും പഠിച്ചിട്ടും തീരാതെ ഒരു കടലോളം മുന്നിലുള്ളപ്പോള്‍ ആണ് കപടശാസ്ത്രം പഠിക്കാന്‍ കുറച്ചു സമയം ചെലവഴിക്കൂ എന്ന ഉപദേശം… പറയുന്നവര്‍ ഒക്കെ ഒരു പത്താം ക്ലാസ് ലെവലിലുള്ള ശാസ്ത്ര ബോധം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ….
23) മരുന്ന് മാഫിയ, കട്ട്, അത്യാഗ്രഹം, ചികില്‍സാ ചെലവ് …
വാദിച്ചു ജയിക്കുക എന്ന ഒറ്റ ഉദേശം മാത്രം ഉള്ളവരോട് ഒന്നും പറയാനില്ല… പേസ്റ്റ് കമ്പനിക്കാരുടെ പരസ്യത്തിലെ അശാസ്ത്രീയത ആയിരുന്നു എന്റെ കഴിഞ്ഞ ലേഖനത്തില്‍ വിവരിച്ചിരുന്നത്.(ലിങ്ക് കമന്റില്‍)
ദന്ത ചികിത്സകള്‍ക്കു ചെലവ് കൂടാനുള്ള കാരണങ്ങളും അതൊഴിവാക്കാനുള്ള വഴികളെക്കുറിച്ചും വിശദമായ ഒരു ലേഖനം വേറെ എഴുതാം
24) മുന്‍പ് പറഞ്ഞ യുക്കാലി തൈലം പോലെ പല്ല് വേദന വരുമ്പോള്‍ ഉപയോഗിക്കാനുള്ള ഒരു തുള്ളി മരുന്ന് ഒരു പ്രമുഖ ടൂത്ത് പേസ്റ്റ് കമ്പനിയും ഇറക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അതിനും ബാധകമാണ്. മാത്രമല്ല എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ശാസ്ത്രം അറിയാത്ത ഒരു നാരായണേട്ടത്തി ചെയുന്ന ചികിത്സയെക്കാള്‍ ശാസ്ത്രം അറിയാവുന്ന ഒരു വന്‍കിട കമ്പനി പരസ്യങ്ങളും മറ്റും ഉപയോഗിച്ച് ഇത്തരം തുള്ളി മരുന്ന് പ്രോത്സാഹിപ്പിക്കുന്നത് കൂടുതല്‍ ഗൗരവതരമാണ്.
25) അല്പസ്വല്‍പ്പം സ്വയം വിമര്‍ശനവും ആവാം.
ഞാന്‍ ഊഹിക്കുന്നത് പോലെ പാല്‍പല്ലുകള്‍ ആണ് ആ dentist പറിക്കാന്‍ നിര്‍ദ്ദേശിച്ചത് എങ്കില്‍ ആ വിവരം കൃത്യമായി രോഗിയെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ പിഴവുകള്‍ സംഭവിച്ചിരിക്കാം. ശാസ്ത്രം പഠിച്ച , നന്നായി പല്ല് പറിക്കാന്‍ അറിയാവുന്ന , ഒരു ഡോക്ടര്‍ക്ക് നന്നായി സംസാരിക്കാന്‍ അറിയണമെന്നില്ല. ഡോക്ടര്‍മാരുടെ പാഠ്യപദ്ധതിയില്‍ ആശയവിനിമയത്തിന് ഉള്ള പരിശീലനത്തിനു കുറച്ചുകൂടി പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു
26) പരമ്പരാഗതം, പ്രകൃതി ദത്തം ,പച്ചമരുന്നു, നൂറ്റാണ്ടുകളുടെ അനുഭവം, പാര്‍ശ്വ ഫലമില്ല, ചെലവ് കുറഞ്ഞത് തുടങ്ങിയവയോക്കെ ഏതൊരാളിനെയും ആകര്‍ഷിക്കുകയും മനസ്സില്‍ ഒരു സുരക്ഷിതത്വ ബോധം ഉണ്ടാക്കുകയും ചെയ്യുന്ന ചില ഗിമിക്കുകളാണ്… പക്ഷെ നമ്മുടെ ഈ ആഗ്രഹങ്ങളും തോന്നലുകളുമൊക്കെ ശാസ്ത്രീയമോ സത്യമോ ആവണമെന്നില്ല. മാത്രമല്ല ചികിത്സാരംഗത്ത് പലപ്പോഴും അപകടകരവും ആവും
രണ്ടു വരി കാട്ടാക്കട കവിത ചൊല്ലി നിര്‍ത്തട്ടെ…
മിന്നുന്നൂ പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളില്‍ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികള്‍ പോലെ…
ചിറകു വേന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…
പ്രതികരണങ്ങള്‍ [email protected] എന്ന email വിലാസത്തിലോ 9496470796 എന്ന വാട്‌സാപ്പ് നമ്പറിലോ അറിയിക്കുമല്ലോ ….