കോട്ടയം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പിഎസ്സി ജനുവരിയിൽ നടത്തേണ്ട ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വൈകുന്നതിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശങ്ക. 2018 ജനുവരിയിൽ നടത്തിയ ഡിപ്പാർട്ട്മെന്റൽ പരീക്ഷയുടെ വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചത് 2017 നവംബർ 29നാണ്.
അപേക്ഷകൾ 2017 ഡിസംബർ 31 വരെ സ്വീകരിച്ചിരുന്നു. വിജ്ഞാപന തീയതിയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും തമ്മിൽ ഒരു മാസത്തെ ദൈർഘ്യം ഉണ്ടായിരുന്നു. അവസാനമായി നടന്ന 2018 ജൂലൈയിലെ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയത് മേയ് അഞ്ചിനാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറിനായിരുന്നു. ഇവിടെയും ഒരു മാസം ദൈർഘ്യം ഉണ്ടായിരുന്നു. സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ് പിഎസ്സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടത്തുന്നത്. ഡിസംബർ അവസാനം വിജ്ഞാപനം ഇറക്കിയാലും 2019 ജനുവരിയിൽ പരീക്ഷ നടക്കാൻ സാധ്യത കുറവാണ്.
2019 ജനുവരിയിലാണ് പരീക്ഷയുടെ വിജ്ഞാപനം ഇറക്കുന്നതെങ്കിൽ മാർച്ച് മാസത്തിലേക്ക് പരീക്ഷ നീളാൻ സാധ്യത കൂടുതലാണ്. പരീക്ഷാ നടത്തിപ്പിൽ കാലതാമസം നേരിട്ടാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രമോഷൻ, പ്രൊബേഷൻ എന്നിവയ്ക്കു കാലതാമസം നേരിടും.
പിഎസ്സി നടത്തുന്ന പരീക്ഷ വിജയിച്ചാൽ മാത്രമേ പ്രമോഷൻ ലഭിക്കൂ. അതോടൊപ്പം പ്രൊബേഷൻ പൂർത്തീകരണത്തിനും ടെസ്റ്റ് യോഗ്യത നിർബന്ധമാണ്. 2012 മുതലാണ് പരീക്ഷ ഒഎംആർ മാതൃകയിൽ നടത്താൻ തുടങ്ങിയത്. 2019 മുതൽ ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഓണ്‍ലൈനിൽ നടത്താനാണ് പിഎസ്സി ആലോചിക്കുന്നത്. ഇതുമൂലമാണ് പരീക്ഷാ വിജ്ഞാപനം വൈകുന്നതെന്നാണ് പിഎസ്സി നിലപാട്.