കോഴിക്കോട്: സർക്കാർ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതരായ മക്കളെക്കൂടി സംരക്ഷിക്കുമെന്ന സംരക്ഷണ സമ്മതമൊഴി നൽകാതെ ഇനി ആശ്രിത നിയമനം ലഭിക്കില്ല.
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ മൊഴി സംബന്ധിച്ച ഉത്തരവിൽ സർക്കാർ മാറ്റം വരുത്തി.
നേരത്തെയുണ്ടായിരുന്ന സംരക്ഷണ സമ്മത മൊഴിയിൽ ആശ്രിതരായ മക്കളുടെ കാര്യം പ്രതിപാദിച്ചിരുന്നില്ല. തൻമൂലം ചിലയിടങ്ങളിലൊക്കെ മരണമടയുന്ന ജീവനക്കാരന്റെ മക്കൾ വഴിയാധാരമാകുന്ന സാഹചര്യത്തിലാണ് സംരക്ഷണ സമ്മത മൊഴിയിൽ സർക്കാർ മാറ്റം വരുത്തിയത്.
ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനത്തിനായി അപേക്ഷിക്കുന്നവർ, മരണപ്പെട്ട ജീവനക്കാരന്റെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും അവിവാഹിതരായ സഹോദരി-സഹോദരൻമാരെ പ്രായപൂർത്തിയാകുന്നതുവരെയും സംരക്ഷിക്കുന്നതാണെന്ന് സമ്മത മൊഴി നൽകണമായിരുന്നു.
പുതുക്കിയ ഉത്തരവിൽ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതരായ മക്കളെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
ആശ്രിതരുടെ അവിവാഹിതരായ സഹോദരി-സഹോദരൻമാർ എന്ന പ്രയോഗം ഒഴിവാക്കി പകരം സഹോദരങ്ങളെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കണമെന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.