ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേണ്ടെന്നു നമുക്കറിയാം.
എന്നാൽ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്.
ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് ‘വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്.
ഒരായിരം ആൾക്കാർ നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.’’
ആൾക്കൂട്ടത്തിൽ തനിയെ!
ഇതുതന്നെയാണ് എത്രയോ കാലം മുന്പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത് – ‘ആൾക്കൂട്ടത്തിൽ തനിയെ’’.
ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നൽ ഇവരിൽ കൂടുതലായുണ്ടാകും.
അതിനാൽ തന്നിലേക്ക് ഒതുങ്ങും. ചിലരിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കും. ഇത് രോഗികളുടെ ഉറക്കത്തെയും ഭക്ഷണ ശീലത്തെയും ജോലിയെയുമൊക്കെ ബാധിക്കാം.
വിഷാദ ലക്ഷണങ്ങൾ
* സ്ഥിരമായ വിഷാദ ഭാവം, നിരാശ,
* പ്രതീക്ഷകൾ ഇല്ലാതിരിക്കുക.
* മോശമായതേ തനിക്ക് ഭവിക്കു എന്നുറപ്പിക്കുക
* താനെന്തോ മഹാപരാധം ചെയ്തുവെന്നുറച്ചു
വിശ്വസിക്കുക.
* തനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താത്പര്യമില്ലാതിരിക്കുക.
* കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല,
* ശ്രദ്ധയും ഏകാഗ്രതയും ഓർമയും കുറയുക
* ഉറക്കത്തിന്റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക
* മരണ ചിന്തകൾ( ചിലർ ശ്രമിച്ചും നോക്കും).
* ശരീരമാകെ വേദന, വിസർജനത്തിലും ലൈംഗികതയിലും തകരാറുകൾ…
എല്ലാം ഒരാളിൽ കാണണമെന്നില്ല
അങ്ങനെ ധാരാളം ലക്ഷണങ്ങൾ കാണാം. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല.
പാരന്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോണ് വ്യതിയാനങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും വിഷാദം നമ്മളെ ബാധിക്കാം.
ഡിപ്രഷൻ പല തരം
പഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോഡർ (തുടർ വിഷാദം)-
ചെറിയ ഏറ്റക്കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂടുതൽ നീണ്ടു നില്ക്കുന്ന വിഷാദമാണിത്.
(തുടരും)
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
ഫോൺ – 9447689239
[email protected]