കാവ്യാ ദേവദേവന്
പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വിഷാദരോഗം അഥവാ ഡിപ്രഷന്. ആണ്‍പെണ്‍ വ്യത്യാസമില്ലാ തെ പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടുവരുന്നുണ്ട്.
ജീവിതത്തില്‍ ഉണ്ടാകുന്ന പലതരം തിരിച്ചടികളും ഒറ്റപ്പെട്ടു പോകുന്ന സാഹചര്യവുമാണ് പലരെയും വിഷാദ രോഗ ത്തിലേക്ക് തള്ളിവിടുന്നത്. കൃത്യസമയത്ത് കണ്ടെത്തി മതിയായ ചികിത്സ നല്കിയാല് വിഷാദം എന്ന അവസ്ഥ പൂര്‍ണമായും മാറ്റാനാകും.
നാഡി ഞരമ്പുകളിലെ ചില ദ്രാവകങ്ങള്‍ അഥവാ ന്യൂറോ ട്രാന്മിറ്ററുകള് കുറയുന്ന അവസ്ഥയാണ് വിഷാദ രോഗം എന്നു പറയുന്നത്.
സെറട്ടോനിന്‍, ഡോപമിന്‍, നോര് എപിനഫ്രിന് എന്നീ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിന്റെ ചില സ്ഥലങ്ങളില്‍ താഴ്ന്ന് പോകുന്ന സ്ഥിതി വരുമ്പോഴാണ് ഡിപ്രഷന് എന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകളും എന്തുകൊണ്ട് താഴ്ന്നു പോകുന്നു എന്നതിനു വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല.
ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലവും പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അയാളുടെ കോപിംഗ് സ്കിലിലുണ്ടാകുന്ന (സാഹചര്യങ്ങളോട് പൊരുത്തപ്പെടുക) കുറവ് മൂലവും മാനസിക സംഘര്‍ഷങ്ങളാല്‍ മേല്‍ പറഞ്ഞ മൂന്ന് ദ്രാവകങ്ങള്‍ കുറഞ്ഞു പോകുന്ന സ്ഥിതി ഉണ്ടാകാം.
നമ്മള് ജീവിക്കുന്ന പശ്ചാത്തലത്തില്‍ നിന്നും വരുന്ന സമ്മര്‍ദ്ദങ്ങള്‍ മൂലം വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതിനെ അഡ്ജസ്റ്റ്മെന്റെല് ഡിസ്ഓഡര്‍ എന്നു വിളിക്കാം.
അക്ഷരാര്‍ഥത്തില്‍ പലരും ഉപയോഗിക്കുന്ന ഡിപ്രഷന് എന്ന വാക്ക് യഥാര്‍ഥത്തില്‍ അഡ്ജസ്റ്റ്മെന്റെല് ഡിസ്ഓഡര്‍ ആണ്.
മൂന്ന് മേജര്‍ മാനദണ്ഡങ്ങളും, ഏഴ് മൈനര്‍ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന 10 ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ അതിനെ ഡിപ്രഷന് എന്നു പറയാം.
മേജര്‍ മാനദണ്ഡങ്ങള്‍
1. മാനസികാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം
എല്ലാ മനുഷ്യരുടെയും സ്വഭാവം വിഭിന്നമാണ്. സന്തോഷം വന്നാല്‍ ചിരിയും സങ്കടം വന്നാല്‍ കരച്ചിലും ദേഷ്യം വന്നാല്‍ ക്ഷോഭവും പ്രകടിപ്പിക്കുന്നവരാണ് മനുഷ്യര്‍.
എന്നാല്‍ അകാരണങ്ങളാല് സദാ സമയവും വിഷാദാവസ്ഥയില്‍ നിലനില്‍ക്കുന്ന മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്. ചിരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും ചിരിക്കാന്‍ മറക്കുന്നവര്‍. മാനസികാവസ്ഥയിലുണ്ടാകുന്ന വ്യത്യാസം വിഷാദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
2. ഊര്‍ജത്തിന്റെ അഭാവം
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊര്‍ജം എന്നു പറുന്നത്. എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് പൂര്ണമാക്കാന് സാധിക്കാത്ത അവസ്ഥയിലേക്ക് പെട്ടെന്ന് മാറുക എന്നൊരു സ്ഥിതി ഉണ്ടാകുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.
3. താല്പര്യ കുറവ്
എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതില്‍ നേരത്തെ ഉണ്ടായിരുന്ന താല്പര്യം ക്രമേണ നഷ്ടമാകുന്നു. വളരെ ഇഷ്ടത്തോടെ ചെയ്തിരുന്ന ജോലി ചെയ്യാന്‍ വിരക്തി തോന്നിപ്പിക്കുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണമാണ്.
മൈനര്‍ മാനദണ്ഡങ്ങള്‍
1. ഉറക്കമില്ലായ്മ എത്ര രാത്രിയായാലും ഉറക്കം വരാതെ കിടക്കുക. ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുക ഇവയെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
2. വിശപ്പില്ലായ്മ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
3. പ്രതീക്ഷയില്ലാത്ത ചിന്തകള്‍/നെഗറ്റീവ് ചിന്തകള്‍ സമൂഹത്തിനും വീടിനും തന്നെകൊണ്ടു ഗുണമില്ല എന്ന് ചിന്തിക്കുക, അനാവശ്യമായ ചിന്തകള്‍ മനസിനെ അലട്ടികൊണ്ടിരിക്കുക ഇവയും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
4. കുറ്റബോധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത കാര്യങ്ങളെ ഓര്‍ത്ത് പശ്ചാത്തപിക്കുക. അകാരണമായി കരയുക.
5. ആത്മഹത്യ പ്രവണത പ്രതീക്ഷ ഇല്ലാത്ത ചിന്തകള്‍ ആത്മഹത്യയിലേക്ക് നയിക്കും.
6. ഏകാഗ്രതയുടെയും ശ്രദ്ധയുടെയും അഭാവം എന്ത് കാര്യം ചെയ്താലും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക.
7. വേഗത കുറവ് സംസാരത്തിനും പ്രവൃത്തികള്‍ക്കും വേഗത കുറഞ്ഞുവരുന്നു.
വിഷാദരോഗം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതിനാല്‍ ഒരു രോഗമായി ഇത് കണക്കാക്കാം. ശരിയായ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും ഈ രോഗത്തെ ജീവിതത്തില്‍ നിന്നു തുടച്ചുനീക്കാം.
ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ മൂലം മനുഷ്യനു സ്വഭാവത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. എന്നാല്‍ അത്തരം വ്യതിയാനങ്ങള്‍ വിഷാദ രോഗമായി കണക്കാക്കുന്നത് വെറും മിഥ്യാ ധാരണയാണ്.
മേല്‍ സൂചിപ്പിച്ചത് പോലെ മൂന്ന് ന്യൂറോ ട്രാന്സ്മിറ്ററുകളിലും ഉണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാന കാരണം.
വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. ടോണി തോമസ്
സൈക്യാട്രിസ്റ്റ് ജനറല്‍ ആശുപത്രി
കോട്ടയം