വരും ദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വകുപ്പ് ഇതോടൊപ്പം ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദ്ദ ഭീതി കേരളാത്തീരത്ത് നിന്ന് അകന്നതായാണ് സൂചന. ഇത് കൂടുതല്‍ ശക്തിപ്പെട്ട് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കും.
കേരളാതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ മഴ ലഭിക്കും.
ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച അതിജാഗ്രത നിര്‍ദേശം( റെഡ് അലര്‍ട്ട്) പിന്‍വലിച്ചു. രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് തുടരും. ഇടുക്കി അണക്കെട്ടിന്റെ മധ്യഭാഗത്തുള്ള മൂന്നാം ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത് തുടരുകയാണ്. എത്ര സമയത്തേക്ക് ഷട്ടര്‍ ഉയര്‍ത്തിവെയ്ക്കും എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോരമേഖലയിലെ വിനോദ സഞ്ചാരത്തിനും രാത്രിയാത്രയ്ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും.
ഇടുക്കി ജില്ലയില്‍ മഴ കുറയുന്നതായും, നിലവില്‍ ഇതുവരെ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുന്നത് സംബന്ധിച്ച് തമിഴ്നാടുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നിട്ടുണ്ട്. 3474 ഘനയടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്.