കൊട്ടാരക്കര : സമുഹത്തിൽ നിന്നും ജാതി വ്യവസ്ഥ തൂത്തെറിയപ്പെടണമെന്ന് നിയമസഭ ഡെപ്യൂട്ടിസ്പീക്കർ വി ശശി പറഞ്ഞു. എസ്എൻഡിപി യോഗം 851 ാം നമ്പർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ മന്ദിര പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ജാതിയില്ല എന്ന ചിന്ത കേരളത്തിന് സമ്മാനിച്ച നവോഥാന നായകനായിരുന്നു ശ്രീ നാരായണ ഗുരുദേവൻ. കേരളത്തിന്റെ സമൂഹത്തിൽ നിന്ന് നാറിപ്പുഴുത്ത വ്യവസ്ഥിതിക്ക് വിപ്ലവകരമായ മാറ്റം വരുത്തിയത് ഒരുതുള്ളി ചോര ചീന്താതെ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ നിർത്തിയിടത്തു നിന്നും തുടങ്ങണം. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം പറഞ്ഞ വഴികളിൽ കൂടി തന്നെയാകണമെന്നും ഡെപ്യൂട്ടി സ്പീപീക്കർ കൂട്ടിചേർത്തു.
ഗുരുദേവൻ ശാഖ പ്രസിഡന്റ് ഡി.എസ്.സോനു അധ്യക്ഷനായി. സെക്രട്ടറി പി.കെ.സതീശൻ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, വൈലോപ്പിള്ളി അവാർഡ് ജേതാവ് സുമേഷ് കൃഷ്ണൻ, പി.കെ.അനിൽകുമാർ, കിരൺ ബോധി, പി.അരുൾ, പി.കെ.സോമരാജൻ, യൂണിയൻ കമ്മിറ്റി അംഗം ടി.ബിനു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ നൊവാഡ മെഡൽ ജേതാവ് സുജിത്ത് മംഗലത്ത്, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ജി.ജയചന്ദ്രൻ നായർ, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാവ് എസ്.രമേശൻ, കേരളസർവകലാശാല ആയൂർവേദ എം.ഡി റാങ്ക് ജേതാവ് ഡോ.തത്താ ദമനൻ, പ്രവാസിഭാരതി മാധ്യമ പുരസ്കാര ജേതാവ് കോട്ടാത്തല ശ്രീകുമാർ, സംസ്ഥാന സ്കൂൾ കലോത്സവ വിജയി എ.എസ്.ദുർഗ്ഗാദേവി എന്നിവരെ അനുമോദിച്ചു. മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകളും വിതരണം ചെയ്തു.