കോഴിക്കോട്: കാണാതായ മലപ്പുറം ജില്ലയിലെ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചി.ബി. ചാലിബിനെ കണ്ടെത്താന്‍ തിരൂര്‍ പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഇന്നു രാവിലെ ചാലിബ് ഭാര്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു.
മാനസിക പ്രയാസം കാരണം നാടുവിട്ടതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമാണ് അദ്ദേഹം ഭാര്യയെ അറിയിച്ചത്. താന്‍ ഒറ്റയ്ക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടേക്കു എത്തണോയെന്നു ഭാര്യ ചോദിച്ചപ്പോള്‍ വേണ്ടെന്നും തനിയെ തിരിച്ചെത്താമെന്നുമാണ് അദേഹം പ്രതികരിച്ചത്. ഇതോടെ രണ്ടുനാളായി മുള്‍മുനയില്‍ നിന്ന കുടുംബത്തിന് ഏറെ ആശ്വാസമായി.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ തഹസില്‍ദാരെ കണ്ടെത്താന്‍ തിരക്കിട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് ആശാവഹമായ നീക്കം ഉണ്ടായത്. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്.
ചാലിബിനെ ബുധനാഴ്ച വൈകിട്ടാണു കാണാതായത്. അതിനിടെ ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നുണ്ടെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാത്തത് ഫോണ്‍ മറ്റാരുടെയോ കൈവശമുള്ളതുകൊണ്ടാണെന്നുള്ള ആശങ്ക ബന്ധുക്കള്‍ പങ്കുവച്ചിരുന്നു.
ഓഫായിരുന്ന മൊബൈല്‍ ഫോണ്‍ ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഓണ്‍ ആയിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. അതിനിടെ കഴിഞ്ഞ ദിവസം ചാലിബിന്റെ ഫോണ്‍ ഓണ്‍ ആയ സമയം പോലീസില്‍ പരാതി നല്‍കുമെന്ന സന്ദേശം ബന്ധുക്കള്‍ അയച്ചിരുന്നു.
ഈ സന്ദേശം കണ്ടതോടെ പെട്ടന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയത് ആശങ്ക ജനിപ്പിച്ചിരുന്നു. കൂടെ മറ്റാരുമില്ലെന്നു ചാലിബ് ഭാര്യയോടു പറഞ്ഞതോടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായിട്ടുണ്ട്. ചാലിബിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടാണ് കാണിച്ചത്. പുലര്‍ച്ചെ 2.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍നിന്നു പതിനായിരം രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി.
ദേശീയപാത സ്ഥലമെടുപ്പിലടക്കം സത്യസന്ധമായി കൃത്യനിര്‍വഹണം നടത്തിയ ചാലിബിനെ മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നതടക്കമുള്ള സംശയങ്ങളാണ് ഉയര്‍ന്നിരുന്നത്. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിന്റെ തിരോധാനവും പിന്നീട് അദ്ദേഹത്തിന്റെ ആത്മഹത്യയും ഏറെ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തില്‍, ചാലിബിനെ കാണാനില്ലെന്നു പരാതി ലഭിച്ച ഉടന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയായിരുന്നു.