കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വീട്ടില്‍ എത്തിയത്. ഇതോടെ ഇദ്ദേഹത്തെ കാണാതായതുമുതലുള്ള ആശങ്കയ്ക്കു വിരമമായി. മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഭാര്യ ചാലിബുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എവിടെനിന്നാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍, മംഗലാപുരത്തുവച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും മാനസിക പ്രയാസമുള്ളതിനാല്‍ തത്കാലം വിട്ടുനിന്നതാണെന്നും ഭാര്യയോടു പറഞ്ഞിരുന്നു. ഉടനെതന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു.
പിന്നീട് ഫോണ്‍ ഓഫായി. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചാലിബിനെ കാണാതായതായതായി ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ രാത്രി തന്നെ തിരൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം കോടതിയില്‍ ഹാജരാക്കും.
ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി ചാലിബിനെ ബുധനാഴ്ച വൈകിട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് കാണാതായത്. ഓഫീസില്‍നിന്ന് വൈകിട്ട് അഞ്ചേകാലോടെ ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനാല്‍ ഭാര്യ ഫോണില്‍ വിളിച്ചു. തിരിച്ചെത്താന്‍ വൈകുമെന്നായിരുന്നു മറുപടി.
ഇരുമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ് എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ ഒരു പരിശോധന നടന്നിരുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതു കൂടുതല്‍ സംശയങ്ങള്ക്കുവഴിവച്ചു. രാത്രി പതിനൊന്നുവരെ കാണാതിരുന്നപ്പോഴാണ് ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.