ലക്നൗ: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ ദേരാ സച്ചാ സൗദ പ്രസ്ഥാനം മതിയായ രേഖകള്‍ കൂടാതെ 14 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദേരാ സച്ചാ ആസ്ഥാനം ഒഴിപ്പിക്കല്‍ നടപടിയുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം പുറത്തുവന്നത്.
സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്തു നിന്ന് 14 മൃതദേഹങ്ങള്‍ ലക്നൗവിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ജിസിആര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു കൈമാറിയിരുന്നു. ഇത്തരമൊരു കൈമാറ്റം നടത്തുമ്പോള്‍ ആവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളോ സര്‍ക്കാരിന്റെ അനുവാദമോ ഇല്ലായിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജായ ജിസിആര്ജിക്ക് അംഗീകാരം നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ അലഹാബാദ് ഹൈക്കോടതി രൂപീകരിച്ച കമ്മിറ്റിയാണ് മൃതദേഹങ്ങള്‍ ലഭിച്ചതിലെ ദുരൂഹത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. ഈ വിഷയത്തില്‍ മെഡിക്കല്‍ കോളജില്‍നിന്ന് വിശദീകരണം തേടിയപ്പോള്‍, മൃതദേഹങ്ങള്‍ കൈമാറിയ നടപടിയില്‍ ‘ഗുരുതരമായ ചില പ്രശ്നങ്ങള്‍’ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടു നല്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രായലം യുപി സര്‍ക്കാരിന് കത്തയച്ചത്.
നേരത്തെ ദേരാ സച്ചാ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ അനുയായികളുടെ മൃതദേഹം ആശ്രമത്തിനുള്ളില്‍ സംസ്കരിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങള്‍ പുഴയിലും മറ്റും ഒഴുക്കുന്നത് മലിനീകരണത്തിനു കാരണമാകുമെന്നതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ആസ്ഥാനത്തിനുള്ളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നെന്നാണ് സംഘടനയുടെ മുഖപത്രമായ സാച്ച് കഹൂന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആശ്രമത്തിനുള്ളില്‍ ഗുര്‍മീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ത്തന്നെ അടക്കം ചെയ്യുകയും ചെയ്യുന്നതായി വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് മരണമടയുന്ന അനുയായികളുടെ മൃതദേഹങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്കരിക്കുന്ന പതിവുണ്ടെന്ന് മുഖപത്രം വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ മറ്റെന്തെങ്കിലും വിധത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.