ബിര്‍മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് കോഹ്ലി ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കുറിച്ചത്. ഇന്നിംഗ്സിൽ 225 പന്ത് നേരിട്ട് 149 റണ്‍സ് നേടിയ കോഹ്ലി 22 ബൗണ്ടറികളും ഒരു സിക്സറും പറത്തി.
2014-ൽ ഇംഗ്ലീഷ് പര്യടനത്തിനെത്തിയ കോഹ്ലിക്കു തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പത്ത് ടെസ്റ്റ് ഇന്നിംഗ്സുകളിലെ 288 പന്തുകളിൽനിന്ന് 134 റണ്‍സ് മാത്രമായിരുന്നു കോഹ്ലിയുടെ സംഭാവന. എന്നാൽ ഇക്കുറി ആദ്യ ഇന്നിംഗ്സിൽനിന്നുതന്നെ 149 റണ്‍സ് കുറിക്കാൻ കോഹ്ലിക്കു കഴിഞ്ഞു.
കൂടാതെ, കുറഞ്ഞ ഇന്നിംഗ്സുകളിൽനിന്ന് 22 ടെസ്റ്റ് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി നാലാം സ്ഥാനത്തുമെത്തി. ഡോണ്‍ ബ്രാഡ്മാൻ(58 ഇന്നിംഗ്സ്), സുനിൽ ഗവാസ്കർ(101 ഇന്നിംഗ്സ്), സ്റ്റീസ് സ്മിത്ത്(108 ഇന്നിംഗ്സ്) എന്നിവരാണ് 113 ഇന്നിംഗ്സുകളിൽനിന്നു നേട്ടം കരസ്ഥമാക്കിയ കോഹ്ലിക്കു മുൻഗാമികൾ.
2014-ൽ കോഹ്ലി മോശം പ്രകടനം കാഴ്ചവച്ചപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങിയ അനുഷ്ക ശർമ ഇന്ന് ഭാര്യയായി ഗാലറിയിൽ എത്തിയിരുന്നു എന്നതും ശ്രദ്ധേയമായി. വിവാഹമോതിരത്തിൽ ചുംബിച്ചാണ് കോഹ്ലി ഇംഗ്ലണ്ടിലെ തന്റെ ആദ്യ സെഞ്ചുറി നേട്ടം ആഘോഷമാക്കിയതും.