ഋഷി
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂമിയിൽ കണ്ടെത്തിയ വലിയ മുട്ട അറേബ്യൻ ഒട്ടകപ്പക്ഷിയുടെതാണോ എന്ന് ചർച്ച പുരോഗമിക്കുമ്പോൾ മരുഭൂമിയിലെ കൊടും ചൂടിൽ സ്ട്രോബറി പൂത്തു തളിർത്തു നിറഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയുമാകുന്നു.
ഒട്ടകപ്പക്ഷിയുടെ മുട്ടയോ അതോ
സൗദിയിലെ മരുഭൂമിയിൽ കണ്ടെത്തിയത് ഒട്ടകപ്പക്ഷിയുടെ മുട്ടയാണോ എന്തിനെക്കുറിച്ച് ഗവേഷകർ പഠനവും നിരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു.
സൗദി അറേബ്യയിലെ റുബുഉല്‍ ഖാലി മരുഭൂമിയിലാണ് ഒട്ടകപ്പക്ഷിയുടെ എന്നു കരുതുന്ന മുട്ട കണ്ടെത്തിയത്. മരൂഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഏതാനും പേരാണ് മണലില്‍ അഞ്ച് മുട്ടകള്‍ കണ്ടെത്തിയത്.
ഏതാനും മുട്ടകളുടെ അവശിഷ്ടങ്ങളും സമീപത്തുണ്ട്. റുബുല്‍ ഖാലിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നാണ് പരിസ്ഥിതി വിദഗ്ധരും മറ്റും പറയുന്നത്.
എന്നിട്ടും എങ്ങനെ ഇവിടെ മുട്ടകള്‍ കണ്ടെത്തിയെന്നതാണ് ഇവരെ അമ്പരപ്പിക്കുന്നത്. തരിശായി കിടക്കുന്ന ഈ മരുഭൂമിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നും മുട്ടകളുടെ കാലപ്പഴക്കം പരിശോധിക്കണമെന്നും ഇതോടെ ആവശ്യമുയര്‍ന്നിരിക്കുകയാണ്.
അറേബ്യന്‍ ഉപദ്വീപില്‍ വംശനാശം സംഭവിച്ച ജീവികളുടെ ഫോസിലുകള്‍, അസ്ഥികള്‍, പുരാതന ലിപികള്‍, ലിഖിതങ്ങള്‍ തുടങ്ങിയ കാണപ്പെടുന്നുണ്ട്.
അത്തരത്തിലുള്ളതായിരിക്കാമിത്. അതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്ക് വഴി തുറക്കണമെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടതായി സൗദിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യന്‍ ഒട്ടകപ്പക്ഷിക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്ന് ഒരു പരിസ്ഥിതി നിരീക്ഷകന് അഭിപ്രായപ്പെട്ടു. വിവിധ സംരക്ഷിത വനപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്നത് ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒട്ടകപ്പക്ഷികളാണ്.
ഈ മുട്ട ആഫ്രിക്കന്‍ ഒട്ടകപ്പക്ഷിയുടെതാണോ അതോ അറബ് ഒട്ടകപ്പക്ഷിയുടെതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
മുൻപ് ഇത്തരത്തിൽ മുട്ടകൾ കിട്ടിയിരുന്നതായി ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവർ പറയുന്നുണ്ട്. ഏതായാലും ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.. ഈ മുട്ടയുടെ നിജസ്ഥിതി അറിയാൻ…
മണലാരണ്യത്തിന് സ്ട്രോബറിയുടെ സുഗന്ധം
അസ്ഥിയെ ഉരുക്കുന്ന ചൂടാണ് സൗദിയിലെ മരുഭൂമികളിൽ. അവിടെ ചുവന്ന തുടുത്ത സ്ട്രോബെറി പഴങ്ങൾ പൂത്തു തളിർത്തു നിറഞ്ഞു നിൽക്കുന്നത് കൊതിയൂറുന്ന കാഴ്ചയാണ്. പൊതുവേ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സ്ട്രോബറി സൗദിയിലെ ചൂടുള്ള കാലാവസ്ഥയിൽ വിളഞ്ഞു നിൽക്കുന്നത് ലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
സൗദി അറേബ്യയിലെ ആദ്യ ടൂറിസം ഫാമുകളിലൊന്നായ അൽബാഹ പ്രവിശ്യയിലെ സൈത്തൂൻ ഫാമിലാണ് കണ്ടാൽ കൊതി തോന്നുന്ന സ്ട്രോബറി കാഴ്ചകൾ ഉള്ളത്.
സാധാരണ തണുത്ത കാലാവസ്ഥയിലാണ് സ്ട്രോബറി പഴങ്ങൾ കായ്ക്കുക. സ്ട്രോബറിക്ക് വളരാൻ ആവശ്യമായ തണുപ്പ് ഒരുക്കിയാണ് ഇവിടെ നല്ല ചുവന്നുതുടുത്ത സ്ട്രോബറികൾ കാഴ്ച്ചക്കാരെ ആകർഷിക്കുന്നത്. ഹൈഡ്രോപോണിക്സ് ഉപയോഗിച്ചാണ് സ്ട്രോബെറി ഉത്പാദനം നടത്തുന്നത്. സൗദിയുടെ വരണ്ട കാഴ്ചകൾക്ക് പച്ചപ്പു നൽകുന്ന ഈ ഫാം കാണാൻ നിരവധി പേരാണ് എത്തുന്നത്.
സ്ട്രോബെറി മാത്രമല്ല ഇവിടെ വിളഞ്ഞുനിൽക്കുന്നത്.150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇവിടെ 4,000ലധികം ഒലിവ് മരങ്ങളുണ്ട്. ഇതിൽ തന്നെ 22 ഇനം ഉയർന്ന നിലവാരത്തിലുള്ള ഒലീവ് മരങ്ങളാണ്. ഇവ ഗുണമേന്മയേറിയ ഒലിവ് എണ്ണയാണ് ഉൽപ്പാദിപ്പിക്കുന്നത്.
മുന്തിരി, അത്തിപ്പഴം, മാതളനാരകം എന്നിവ ഉൽപ്പാദിപ്പിക്കുന്ന നിരവധി ഫലവൃക്ഷങ്ങളും ഈ ഫാമിൽ വളരുന്നു. ഡോ. സാലിഹ് ബിൻ അബ്ബാസ് അൽ ഹഫീസിന്റെ ഉടമസ്ഥതയിലുള്ള ഈ ഫാം കാണാൻ സ്വദേശികളും വിദേശികളും വരുന്നുണ്ട്.
പക്ഷികൾക്കായി ഒരു പൂന്തോട്ടം, മഴവെള്ളം സംഭരിക്കുന്നതിന് മൂന്ന് വാട്ടർ ടാങ്കുകൾ, ഒരു ബാർലി ഫാം, തേൻ ആപ്പിയറികൾ, ഒരു കുതിരലായം എന്നിവയും സന്ദർശകർക്ക് വിശ്രമിക്കാനായി പൈതൃക ഭവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്..
ഇപ്പോൾ സ്ട്രോബറി വിളവെടുപ്പിന്റെ ദൃശ്യങ്ങളും വാർത്തകളുമാണ് ഈ ഫാമിനെ വൈറലാക്കി മാറ്റിയിരിക്കുന്നത്