തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംഘപരിവാറിനെതിരായ പോരാട്ടത്തില് ആര് അണിനിരന്നാലും അവരെ പിന്തുണയ്ക്കുമെന്ന് ദേശാഭിമാനിയില് എഴുതിയ ലേഖനത്തില് ഗോവിന്ദന് വ്യക്തമാക്കി.
ഗവര്ണറുമായുള്ള പ്രശ്നത്തില് ലീഗ് സര്ക്കാരിനൊപ്പം നിന്നു. ആര്എസ്പിയും സര്ക്കാര് നിലപാടിനൊപ്പം നിന്നു. ഇത്തരം നിലപാടുകളെ സിപിഎം തുറന്ന മനസോടെ സ്വീകരിക്കും.
ലീഗ് ഉള്പ്പെടെയുള്ള പാര്ട്ടികള് ഗവര്ണര് വിഷയത്തില് സര്ക്കാരിനൊപ്പം നിന്നത് യുഡിഎഫില് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് ഗവര്ണറെ ചാന്സലര് സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിനെ യുഡിഎഫിനു പിന്തുണയ്ക്കേണ്ടി വന്നതെന്നും ലേഖനത്തില് പറയുന്നു.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്ക്കെതിരായുമുള്ള പോരാട്ടത്തില് അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്നത്തിലും ഗവര്ണര് വിഷയത്തിലും ലീഗ് ഉള്പ്പെടെയുള്ളവര് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്.
അതിനെ മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്ന് ഗോവിന്ദന് വ്യക്തമാക്കി.
കോണ്ഗ്രസിന്റെ നയങ്ങളേക്കാള് ഇടതുപക്ഷത്തിന്റെ നയങ്ങള് സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികള്പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില് പരാമര്ശമുണ്ട്.