പി.എ.പത്മകുമാർ
കൊട്ടാരക്കര: കാലചക്രത്തിന്റെ ഗതിവേഗത്തിൽ ദേശം തന്നെ ഇല്ലാതായി. നാടടക്കി ഭരിച്ചിരുന്ന ദേശ വാഴികളും ഓർമ്മയായി.എന്നാൽ ദേശാതിർത്തി നിശ്ചയിച്ചിരുന്ന ദേശക്കല്ല് ഒരു നാടിന്റെആരാധനാമൂർത്തിയായി ഇന്നും നിലനിൽക്കുന്നു. കൊട്ടാരക്കര,പുത്തൂരിലെ കല്ലടയാറിന്റെ തീരഗ്രാമമായ ആറ്റുവാശ്ശേരിയിലാണ് നാടിന്റെ ആരാധനകളേറ്റുവാങ്ങി ഇന്നും ദേശക്കല്ല് സ്ഥിതി ചെയ്യുന്നത്.
ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന മണ്ണടി ദേശത്തിന്റെ അതിർത്തി നിർണ്ണയിച്ച് സ്ഥാപിച്ചിരുന്ന ദേശ മുദ്രയുള്ള കല്ലുകളാണ് ദേശക്കല്ലുകൾ.ഇവയിൽ ഇന്നവശേഷിക്കുന്ന എക അതിർത്തിക്കല്ലാണ് ആറ്റുവാശ്ശേരിയിലുള്ളത്. ശൂലവും വാളും കൊത്തിയിട്ടുള്ള ഈ കല്ല് റോഡരുകിലാണ് സ്ഥിതി ചെയ്യുന്നത്.ഈ ഭാഗം ദേശക്കല്ലുമുക്കെന്നും ഇപ്പോൾ അറിയപ്പെടുന്നു. ഈ കല്ലിനു മുന്നിൽ രാവിലെയും വൈകുന്നേരവും വിളക്കുതെളിയിച്ചാണ് നാട്ടുകാരുടെ ആരാധന.
തിരുവിതാംകൂർ ചരിത്രത്തോടൊപ്പം മൂന്നു ദേശങ്ങളും ദേശവാഴികളുമാണ് പുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്. കുഴിക്കലിട വക, പുത്തൂർ കണ്ണങ്കര, മണ്ണടി എന്നിവയായിരുന്നു ആ ദേശങ്ങൾ. ഇവയുടെ ദേശാധിപൻമാരെ അറിയപ്പെട്ടിരുന്നത് യഥാക്രമം കുഴിക്കൽത്താൻ, കറുപ്പത്താൻ, കാമ്പിത്താൻ എന്നായിരുന്നു.
ഇതിൽ കുഴിക്കൽത്താനും കറുപ്പത്താനും പാരമ്പര്യമായി അധികാരത്തിലെത്തുമ്പോൾ കമ്പിത്താൻ സ്ഥാനം പാരമ്പര്യ അവകാശമായിരുന്നില്ല. ഒരു കാമ്പിത്താന്റെ കാലം കഴിയുമ്പോൾ പുതിയ കാമ്പിത്താൻ മണ്ണടി ക്ഷേത്രത്തിൽ എത്തിച്ചേരുകയായിരുന്നു പതിവ്. ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാടുകൂടിയായിരു ന്ന കമ്പിത്താൻമാർ തികഞ്ഞ അഭ്യാസികളുമായിരുന്നു.
അവസാനത്തെ കാമ്പിത്താനെ ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്തി എന്നാണ് വിശ്വസിച്ചു വരുന്നത്. അടൂർ താലൂക്കിൽ വ്യാപിച്ചു കിടന്നിരുന്ന മണ്ണടി ദേശത്തിന്റെ കുറെ ഭാഗങ്ങൾ പുത്തൂർ മേഖലയിലും ഉൾപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലാണ് അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിരുന്നത്.
മണ്ണടി ഉച്ചബലി ഉൽസവത്തോടനുബന്ധിച്ച് ഏകദേശം മുപ്പത് വർഷം മുമ്പ് വരെ ഈ പ്രദേശങ്ങളിലെല്ലാം പറയെഴുന്നെള്ളിപ്പ് നടന്നു വന്നിരുന്നു. മണ്ണടി ക്ഷേത്രത്തോട് വൈകാരികബന്ധം പുലർത്തുന്നവരാണ് ഇന്നും ഇവിടുത്തുകാർ.ഭയം കലർന്ന ഭക്തിയാണ് വിശ്വാസികൾക്കെല്ലാം.
അതിർത്തിക്കല്ലാണെങ്കിലും മണ്ണടി ക്ഷേത്രത്തിന്റെ പ്രതിരൂപമായിക്കണ്ടാണ് ദേശക്കല്ലിനെ ഇവർ ആരാധിക്കു ന്നത്.
നാടുകാക്കാൻ മണ്ണടി ദേവിയും കാമ്പിത്താനും ഇപ്പോഴുമുണ്ടെന്ന് ദേശക്കല്ല് അവർക്ക് ധൈര്യം പകരുന്നുണ്ടാകാം.