ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ പരക്കംപായാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.
മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് ഡെറ്റോള്‍ വളരെ മുമ്പു തന്നെ എങ്ങനെ അറിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഡെറ്റോള്‍ പായ്ക്കറ്റില്‍ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി.
മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നതെന്നും ലോകത്തെ ഇപ്പോള്‍ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കമ്പനി വിശദീകരിച്ചു.
തൊലിപ്പുറത്തുള്ള അണുക്കളെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനത്തിലും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്.
എന്നാല്‍ കൊറോണയ്ക്കു മേല്‍ തങ്ങള്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ഡെറ്റോളിന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് എംഎന്‍സി റെക്കറ്റ് ബെന്‍കിസര്‍ പ്രമുഖ ഫാക്ട് ചെക്ക് ഏജന്‍സിയായ ബൂം ലൈവിനോട് വ്യക്തമാക്കി. ഇനി വരും ദിവസങ്ങളില്‍ എന്തൊക്കെ പ്രചരണങ്ങളാണ് നടക്കുകയെന്ന് ആര്‍ക്കറിയാം.