കൊച്ചി: മറ്റൊരാളില്‍ വച്ചുപിടിപ്പിക്കപ്പെട്ട മകന്റെ കരങ്ങള്‍ കാണാന്‍ ആ മാതാപിതാക്കളെത്തി.
ആ കരങ്ങളുടെ തുടിപ്പുമായി ആശുപത്രി വരാന്തയിലൂടെ നടന്നുവന്ന ബസവന ഗൗഡയെ(34) കണ്ടപ്പോള്‍ അവര്‍ക്കു മകനെ കണ്ട നിര്‍വൃതി. നിറകണ്ണുകളോടെ ആ മാതാപിതാക്കള്‍ ആ കൈകള്‍ ചേര്‍ത്തുപിടിച്ചു.
ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും വിജയകരമായി മാറ്റിവയ്ക്കപ്പെട്ട ബസവന ഗൗഡയെ, സന്ദര്‍ശിക്കാന്‍ മരണാനന്തരം കൈകള്‍ ദാനം ചെയ്ത കോട്ടയം വടവാതൂര്‍ സ്വദേശി നേവിസ് സാജന് മാത്യുവിന്റെ പിതാവ് സാജന് മാത്യു, മാതാവ് ഷെറിന് , സഹോദരന് എല്‍വിസ്, സഹോദരി വിസ്മയ എന്നിവര്‍ ഇന്നലെ രാവിലെ 11 ഓടെയാണ് എത്തിയത്.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ഈ രണ്ടു കൈകളെന്ന് നേവിസിന്റെ പിതാവ് സാജന് പറഞ്ഞു.
അമൃത ആശുപത്രിയിലെ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ചെയര്മാന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ , മേധാവി ഡോ. മോഹിത് ശര്‍മ, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. അജോയ് മേനോന് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് കോട്ടയം വടവാതൂര്‍ കോട്ടയം വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സില്‍ നേവിസ് സാജന് മാത്യുവിന് (25) മസ്തിഷ്കമരണം സംഭവിച്ചത്.
തുടര്‍ന്ന് കൈകള്‍ അടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ നേവിസിന്റെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയാണ് ബസവന ഗൗഡ. ബെല്ലാരിയിലെ ഒരു റൈസ് മില്ലില്‍ ബോയിലര്‍ ഓപ്പറേറ്ററായിരുന്ന ഇദ്ദേഹത്തിന് 2011 ജൂലൈയില്‍ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്നാണ് ഇരു കൈകളും നഷ്ടമായത്.
നേവിസ് ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൈകൾക്കു പുറമേ, നേവിസിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ , കോര്‍ണിയ എന്നിവയും മറ്റുള്ളവരുടെ ശരീരത്തിൽ സ്പന്ദിക്കുന്നുണ്ട്.