വൈക്കം: സംസാരിച്ചുകൊണ്ടിരിക്കെ നിലച്ചുപോയ ഏകമകന്റെ ശബ്ദം ഇനി ഒരിക്കലും കേൾക്കാനാകില്ലെന്ന സത്യം വിശ്വസിക്കാനാവാതെ അലമുറയിടുകയാണ് അധ്യാപക ദന്പതികളായ പ്രദീപ് കുമാറും രേഖയും.
ശാന്തനായ യുവാവിന്റെ അകാലത്തിലെ വേർപാട് വൈക്കം നിവാസികളെയും ദുഃഖത്തിലാഴ്ത്തി.
പഠനത്തിൽ അതിസമർഥനായിരുന്ന മകൻ ദേവദത്ത് ഡോക്ടറാകണമെന്നത് മാതാപിതാക്കളുടെ സ്വപ്നമായിരുന്നു. ദിവസത്തിൽ ഒഴിവു കിട്ടുന്പോഴൊക്കെ മാതാപിതാക്കളോടു സംസാരിക്കാൻ ദേവദത്ത് സമയം കണ്ടെത്തുമായിരുന്നു.
കോളജിലും താമസസ്ഥലത്തുമുണ്ടാകുന്ന ഒാരോ ചെറിയ സംഭവവും മാതാപിതാക്കളോടു പറയുമായിരുന്ന ദേവദത്തിനു ദൗർബല്യം സുഹൃത്തുക്കളായിരുന്നു.
മാതാപിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തടാകത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ നീന്തലറിയാത്ത ദേവദത്ത് ചാടി പുറപ്പെട്ടതും സ്നേഹിതനോടുള്ള സൗഹൃദം മൂലമായിരുന്നു.
ദേവദത്തിന്റെ മരണവിവരമറിഞ്ഞു പ്രദീപിന്റെയും രേഖയുടെയും സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമൊക്കെ തലയോലപ്പറന്പ് പാലാംകടവിലെ വീട്ടിൽ എത്തിയെങ്കിലും ഏകമകൻ നഷ്ടപ്പെട്ടതിന്റെ വേദനയിൽ തേങ്ങിക്കരയുന്ന അധ്യാപക ദന്പതികളെ ആശ്വസിപ്പിക്കാനാവാതെ മിഴിനീരൊഴുക്കി.
ദേവദത്തിന്റെ വീട് മന്ത്രി വാസവൻ സന്ദർശിച്ചു
തലയോലപ്പറന്പ്: മാൾഡോവയിൽ തടാകത്തിൽ വീണ സഹപാഠിയെ രക്ഷിക്കാൻ ഇറങ്ങി മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥി ദേവദത്തിന്റെ വീട് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.
മരണവിവരമറിഞ്ഞ ഉടൻതന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായും നോർക്കയുമായും ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടമടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തികരിക്കുന്നതിനുള്ള ഇടപെടൽ മന്ത്രി വി.എൻ. വാസവൻ നടത്തിയിരുന്നു.
റുമേനിയൻ എംബസിയുമായി ബന്ധപ്പെട്ടാണു നടപടിക്രമങ്ങൾ നടത്തിവരുന്നത്. ബുധനാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണ് കരുതുന്നത്.
ദേവദത്ത് പഠിച്ച വിശ്വഭാരതി സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മികച്ച വിദ്യാർഥിക്കുള്ള അവാർഡ് നൽകാൻ തനിക്ക് അവസരം ലഭിച്ചതു വി.എൻ. വാസവൻ അനുസ്മരിച്ചു.
ദേവദത്തിന്റെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ അടിയന്തരമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തോമസ് ചാഴികാടൻ എംപി, സി.കെ. ആശ എംഎൽഎ എന്നിവരും ദേവദത്തിന്റെ വീട് സന്ദർശിച്ചു.