കാസർഗോഡ്: “ഇനിയില്ല ദുരിതജീവിതം.., ശീലാവതി ചേച്ചിക്കും ദേവകിയമ്മയ്ക്കും സ്വർഗത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ,
ദേവകിയമ്മേ, എന്നെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും മാതൃത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നിങ്ങൾ.’’
-എൻമകജെ വാണിനഗർ ബെള്ളക്കാറമൂലയിലെ ദേവകി റായ് (75) ഇന്നലെ മരണത്തിനു കീഴടങ്ങിയപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളായിരുന്നു ഇത്. ആരായിരുന്നു ദേവകി റായ് ?
എൻഡോസൾഫാൻ ദുരന്തത്തിന്റെ പ്രതീകമായ ശീലാവതിയുടെ അമ്മ. പ്രപഞ്ചത്തിൽ അമ്മയോളം വലിയ പോരാളി വേറെയില്ലെന്നു ദേവകി സ്വന്തം ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു.
1981ൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണു സ്കൂളിൽനിന്നു മടങ്ങിവരവെയാണ് മകൾ ശീലാവതി തളർന്നുവീണത്.
പിന്നീടുള്ള നാലു പതിറ്റാണ്ടുകളാണ് ആ പെൺകുട്ടി ശരീരത്തിന്റെ ചലനശേഷി പോലും നഷ്ടപ്പെട്ട് രോഗക്കിടക്കയിൽ ശേഷിച്ച ജീവിതം തള്ളിനീക്കിയത്.
രണ്ടടിക്കപ്പുറം അവളുടെ ശരീരം വളർച്ച പ്രാപിച്ചില്ല. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ജീവിതത്തിനിടയിലും ആരോടും ഒരു പരാതിയും പറയാതെ ദേവകിയമ്മ ശീലാവതിയെ പരിചരിച്ചു.
ഇതിനിടെ മകൻ ജയറാം ഒരു ബൈക്കപകടത്തിൽ മരിച്ചു. ഇതോടെ മകളുടെ ഭക്ഷണത്തിനും മരുന്നിനുമായി ആ അമ്മ കൂലിപ്പണിക്ക് പോകാൻ തുടങ്ങി.
മകളുടെ സുരക്ഷയ്ക്കായി കട്ടിലിനരികിൽ ഒരു അരിവാളും വടിയും കരുതിവച്ച് വീട് പൂട്ടിയിട്ടാണ് അവർ പണിക്കുപോയത്.
സാമൂഹ്യപ്രവർത്തകനായ ഡോ. വൈ.എസ്. മോഹൻകുമാർ ശീലാവതിയുടെ ജീവിതദുരിതം ചൂണ്ടിക്കാണിച്ചായിരുന്നു എൻഡോസൾഫാൻ ദുരിതത്തിന്റെ തീവ്രത ലോകത്തെ അറിയിച്ചത്.
2015ൽ എൻഡോസൾഫാൻ ദുരിതം പ്രമേയമാക്കി ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കുഞ്ചാക്കോ ബോബൻ ഇവരുടെ വീട്ടിലെത്തിയത്.
കുടുംബത്തിന്റെ ദൈന്യം കണ്ട് വികാരാധീനനായ കുഞ്ചാക്കോ ബോബൻ ഇവർക്ക് മാസം തോറും 5000 രൂപ നൽകിയിരുന്നു.
2018 ഫെബ്രുവരി 20നാണ്, 44-ാം വയസിൽ ശീലാവതി ലോകത്തോടു വിടപറയുന്നത്. ഇതോടെ തനിച്ചായ ദേവകിക്കു കിട്ടിക്കൊണ്ടിരുന്ന സർക്കാർ ആനുകൂല്യങ്ങളും നിലച്ചതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി.
എന്നാൽ കുഞ്ചാക്കോ ബോബൻ സഹായം തുടർന്നത് അവർക്ക് ഏറെ ആശ്വാസമായി. അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന പ്രശസ്തമായ നോവലിലും ദേവകിയും ശീലാവതിയും കഥാപാത്രങ്ങളായിരുന്നു.