തിരുവനന്തപുരം: ജെഡിഎസ് -എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന എച്ച്.ഡി. ദേവ ഗൗഡ വെളിപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിൽ ദേവഗൗഡയെ തള്ളി കേരളത്തിലെ ജെഡിഎസ് മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ദേവഗൗഡയും തമ്മിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ദേവഗൗഡയുടെ എൻഡിഎ ബന്ധത്തിനോട് ജെഡിഎസ് കേരള ഘടകത്തിന് പൂർണമായ വിയോജിപ്പാണുള്ളത്.
എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി. തോമസും ദേവഗൗഡയെ കണ്ട് എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്നും അത് എൻഡിഎക്ക് എതിരാണന്നും കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയത്.
അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്.ഡി. ദേവഗൗഡ പറഞ്ഞിരുന്നു. ഇതിനോട് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപി-പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ്. നിയമപ്രകാരം കേരള ഘടകം ഇപ്പോഴും ബിജെപി ഘടകക്ഷിയായ ജെഡിഎസിന്റെ ഭാഗമാണ്.
എന്നിട്ടും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാവർക്കും മനസിലായി. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന് താൻ അന്ന് പറഞ്ഞപ്പോൾ പിണറായിതന്നെ കളിയാക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കേസും ലാവിലിൽ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തിൽ പിണറായിയും സിപിഎം കൈകോർക്കുകയായിരുന്നു. ഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല പറഞ്ഞു.
ദേവഗൗഡയുടെ വെളിപ്പെടുത്തൽ ബിജെപി- സിപിഎം അവിശുദ്ധ കുട്ടുകെട്ട് മറനീക്കി പുറത്ത് വന്നതിന്റെ തെളിവാണെന്ന് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിണറായി വിജയനെതിരായ ലാവ് ലിൻ കേസ്, സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും പിണറായിക്ക് രക്ഷാകവചം ഒരുക്കുന്നത് ബിജെപിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സിപിഎമ്മും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.2024 ലെ പൊതു തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് മുക്തഭാരതം കെട്ടിപടുക്കാനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും മോദിയെ സഹായിക്കുന്നത് പിണറായി വിജയനാണെന്ന് ദേവഗൗഡുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്.
പകരം പിണറായി ജയിലിൽ പോകേണ്ട കുറ്റകൃത്യങ്ങളിൽനിന്നു പിണറായി വിജയനെ സംരക്ഷിക്കേണ്ട ത് മോദിയുടെ ബാധ്യതയായി മാറി. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബിജെപിക്ക് തങ്ങൾ എതിരാണെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. സിപിഎം ഇപ്പോൾ ബിജെപിയുടെ സഖ്യകക്ഷിയായി മാറിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.