മദ്യപാനത്തെ എതിര്‍ത്തതിന് വയോധികയേയും കൊച്ചുമകനേയും വീടുകയറി ആക്രമിച്ചു; ഗുരുതര പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

fb-devaki-parikku

പള്ളിപ്പുറം: വീടിന് സമീപം നടക്കുന്ന  മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പന്ത്രംഗ സംഘം നടത്തിയ ആക്രമണത്തില്‍ വയോധികയും ചെറുമകനും പരിക്ക്.   ബിയര്‍ കുപ്പിയ്ക്ക് അടിയേറ്റ് കൈമുറിഞ്ഞ കൊച്ചുമകനെയും ചവിട്ടേറ്റ എണ്‍പത്തിയാറ് വയസ്സുള്ള മുത്തശ്ശിയെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി പടിഞ്ഞാറ് പണിക്കശ്ശേരി ദേവകി (86), കൊച്ചുമകന്‍ അനീഷ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അനീഷിനെ വാനം മെഡിക്കല്‍ കോളേജാശുപത്രിയിലും, ദേവകിയെ ചേര്‍ത്തല താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. അനീഷിന്റെ വീടിന് സമീപത്തെ ചിറയിലിരുന്ന് ആറംഗസംഘം മദ്യപിക്കുന്നതിനെ അനീഷ് ചോദ്യംചെയ്തു. തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി. ഇതിനിടെ മദ്യപസംഘം ഫോണ്‍ ചെയ്തറിയിച്ചതോടെ ആറ് പേര്‍കൂടിയെത്തി അനീഷിന്റെ വീടും, കുടുംബാഗങ്ങളേയും ആക്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറിയ സംഘം വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.

അടുക്കളയിലെ ചോറുണ്ടായിരുന്ന കലവും എറിഞ്ഞുപൊട്ടിച്ചു. വീടിന്റെ ജനാലച്ചില്ലുകളും തകര്‍ത്തു. ഇഷ്ടികയും ബിയര്‍ കുപ്പികളും ഉപയോഗിച്ചായിരുന്നു അക്രമം. ഇത് തടയാനെത്തിയപ്പോഴാണ് അനീഷിനും അമ്മൂമ്മക്കും പരിക്കേറ്റത്. അക്രമം നടക്കുന്ന സമയം അനീഷിന്റെ അമ്മ വിജയമ്മയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് നേരെയും സംഘം ഭീഷണി മുഴക്കി. ഇതിനിടെ നാലോടെയുണ്ടായ സംഭവം  വിളിച്ചറിയിച്ചെങ്കിലും രാത്രി എട്ടോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത് എന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts