കൊച്ചി: ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി ബംഗളൂരു ഷിമോഗ സാഗർ സ്വദേശി ഇമാം ഹുസൈന്റെ (57) ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇയാളെ വെറുതേ വിടുന്നതിനും കോടതി നിർദേശം നൽകി. 1993 ഒക്ടോബർ ഒന്പതിനു കാസർഗോഡ് പെർള ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പറന്പിൽ ഒളിഞ്ഞു കിടക്കുന്ന നിധിയെടുത്തു നൽകാൻ പൂജ നടത്താനെത്തി പ്രതി ഇമാം ഭട്ടിനെയും ഭാര്യയെയും കൊന്നു സ്വർണവും പണവും തട്ടിയെടുത്തെന്നാണു കേസ്. ദന്പതികൾക്കു പ്രസാദമായി കുടിക്കാൻ നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കഗുളിക ചേർത്തിരുന്നു. പിന്നീട് തെങ്ങിൻതൈ നടാനായി പറന്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്നു പ്രാർഥിക്കാൻ ഇയാൾ ഭട്ടിനോട് ആവശ്യപ്പെട്ടു.
അവിടെവച്ചു ഭട്ടിനെ മണ്വെട്ടികൊണ്ട് അടിച്ചു വീഴ്ത്തി കൊന്നെന്നും അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം പണവും സ്വർണവും കവർന്നെന്നുമാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളും സംഭവം നടക്കുന്പോൾ വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
പ്രതി പൂജക്കായി ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കവർച്ച ചെയ്ത സ്വർണവും പണവും കണ്ടെത്താനോ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി.
സംഭവദിവസം പ്രതിയുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനു തെളിവുണ്ട്. എന്നാൽ ഇയാളാണു കൊല നടത്തിയതെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഭട്ടിന്റെ വീട്ടിൽ മുന്പു വന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം ഇയാൾ പ്രതിയാണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംഭവദിവസം ഭട്ടിന്റെ വീടിനു സമീപം പ്രതിയെ കാറിൽ കൊണ്ടുവിട്ടെന്ന ടാക്സി ഡ്രൈവറുടെ മൊഴി ഇയാളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനു തെളിവാണ്. ഇതിനപ്പുറം വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായി തെളിവുസഹിതം വിവരിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
ഒരു ബോട്ടിലിൽ പ്രതിയുടെ വിരലടയാളമുണ്ടെന്നതാണു സംഭവസ്ഥലത്തുനിന്നുള്ള തെളിവ്. ഇതു കൊലക്കുറ്റം ചുമത്താൻ മതിയാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണു സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വെറുതേവിട്ടത്. കേസിൽ 19 വർഷത്തിനുശേഷം 2012 ഏപ്രിൽ 20 നാണ് ഇമാം ഹുസൈൻ പിടിയിലായത്. 2013 നവംബറിൽ ശിക്ഷ വിധിച്ചു.
സാക്ഷിപ്പട്ടികയിൽ പൂവൻകോഴിയും
കൊച്ചി: ടാക്സി ഡ്രൈവർ നൽകിയ മൊഴിയിൽ ഹുസൈൻ തന്റെ കാറിൽ കയറുന്പോൾ അയാളുടെ ബാഗിനുള്ളിൽ ജീവനുള്ള ഒരു കോഴി ഉണ്ടായിരുന്നെന്നു വ്യക്തമാക്കിയിരുന്നു. ബാഗിനുള്ളിൽനിന്നു കോഴിയുടെ ശബ്ദം ഡ്രൈവർ കേട്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ കറിവയ്ക്കാൻ വേണ്ടി വാങ്ങിയതാണെന്നാണു പറഞ്ഞതെന്നു മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
പിന്നീട് സംഭവം നടന്ന ഭട്ടിന്റെ വീട്ടിൽനിന്ന് ഒരു പൂവൻ കോഴിയെ ജീവനോടെ കണ്ടെത്തി.
ഭട്ടിന്റെ വീട്ടിൽ കണ്ട പൂവൻകോഴിയെ പൂജയ്ക്കുവേണ്ടി ഇമാം കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണു പോലീസ് എത്തിയത്. അങ്ങനെ പൂവൻ കോഴി സാക്ഷിപ്പട്ടികയിൽ ഇടം പിടിച്ചു. പിന്നീട് ബോവിക്കാനം സ്റ്റേഷനിൽ വളർത്തിയ കോഴി മൂന്നുമാസത്തിനുശേഷം ചത്തു.
ഹുസൈന്റെ പക്കലുണ്ടായിരുന്ന കോഴിയെ ഭട്ടിന്റെ വീടിനു സമീപം കണ്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്താനാവില്ലെന്നു വിധിയിൽ ഹൈക്കോടതി പറയുന്നുണ്ട്.