ചെങ്ങന്നൂർ: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയിലെ താരങ്ങളെ നികൃഷ്ഠ ജീവികളായി കാണുന്ന രീതി അവസാനിപ്പിക്കണമെന്ന് ചലച്ചിത്രതാരം ദേവൻ. ചെങ്ങന്നൂരിലെ നവമാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇരുവൃക്കകളും തകരാറിലായ പിരളശേരി പള്ളിക്കൽ പടിഞ്ഞാറേതിൽ വിനോദിന്റെ ഭാര്യ വിനിലയ്ക്കുള്ള ചികിത്സാസഹായം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയും താരങ്ങളും പെണ്കുട്ടിയോടൊപ്പമാണ്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അമ്മ പെണ്‍കുട്ടിയോടൊപ്പം നിൽക്കുമെന്നും ദേവൻ പറഞ്ഞു. ചെങ്ങന്നൂർ കൂട്ടായ്മയുടെ പ്രസിഡന്റ് സജി വർഗീസ് അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
എംഎൽഎ അഡ്വ. കെ.കെ. രാമചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചടങ്ങിൽ 4.17 ലക്ഷം രൂപ വിനിലയുടെ ഭർത്താവ് വിനോദിനു കൈമാറി. തുടർ ചികിത്സയും ചെങ്ങന്നൂർ കൂട്ടായ്മ ഏറ്റെടുത്ത് നടത്തുമെന്ന് പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി കെ. കെ. സതീഷ് എന്നിവർ പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകൾ നവമാധ്യമങ്ങൾവഴി വിവരം അറിഞ്ഞാണ് ചികിത്സയ്ക്കായുള്ള പണം നൽകിയത്.
നാളെ വൈകുന്നേരം അഞ്ചിന് അങ്ങാടിക്കൽ ഇഎഎൽപി സ്കൂളിൽ നടക്കുന്ന സന്പൂർണ എൽഇഡി തെരുവുവിളക്കുകളുടെ ഉദ്ഘാടന ചടങ്ങിൽ ചികിത്സാ സഹായം സമാഹരിക്കുന്നതിനു നേതൃത്വം നൽകിയ സജി വർഗീസ്, കെ.കെ. സതീഷ്, സിബു ബാലൻ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എംപി ആദരിക്കുമെന്ന് നഗരസഭ കൗണ്‍സിലർ കെ. ഷിബുരാജൻ അറിയിച്ചു.