മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നാണ് ദേവനെ വിശേഷിപ്പിക്കുന്നത്. വില്ലന്‍ റോളുകള്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും എന്തിന് കോമഡിയും വരെ ദേവന്റെ കൈയ്യില്‍ ഭദ്രം. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ് താരം. ഗണേഷ് കുമാര്‍, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ നിരവധി താരങ്ങള്‍ രാഷ്ട്രീയ രംഗത്ത് സജീവമാണെങ്കിലും ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയാണ് ദേവന്‍ വ്യത്യസ്ഥനായത്.
‘കേരള പീപ്പിള്‍സ് പാര്‍ട്ടി’എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ദേവന്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ താന്‍ എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയതെന്ന് തുറന്നു പറയുകയാണ് ദേവന്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ദേവന്‍ വ്യക്തമാക്കിയത്. ” പാര്‍ട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായില്‍ പോയി. ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്‌മേറ്റ്‌സ് അഞ്ചാറ് പേര് എന്നെ കാണാന്‍ വന്നു. അവരൊക്കെ വലിയ വലിയ നിലകളില്‍ ഇരിക്കുന്നവരാണ്.
എല്ലാവരും എനിക്ക് ചുറ്റുമിരുന്നു. ആരും ഒന്നും പറയുന്നില്ല. ഓരോരുത്തരും നീ ചോദിക്കെടാ എന്ന് പരസ്പരം പറയുന്നു. അവര്‍ക്ക് പേടിയാണ് ചോദിക്കാന്‍. ഒടുവില്‍ നീ എന്തിനാടാ പൊളിറ്റിക്കല്‍ പാര്‍ട്ടി തുടങ്ങിയത് എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു വേശ്യാലയം അല്ലാലോ തുടങ്ങിയത്. നിങ്ങള്‍ എല്ലാവരും ചീത്തകാര്യം ചെയ്തപോലെയാണല്ലോ സംസാരിക്കുന്നത്. അപ്പോള്‍ അവര്‍ പറഞ്ഞു അതല്ലെടാ രാഷ്ട്രീയം ഒരു ചെളിക്കുണ്ടാണ് അതിനകത്ത് വീണാല്‍ കുഴപ്പമാണെന്നൊക്കെ.
അവര്‍ക്കറിയാം കോളേജ് ലൈഫില്‍ സ്റ്റുഡന്റ് പൊളിറ്റിക്‌സില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യം പിടികിട്ടി. മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടി അവര്‍ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തു. വലിയ ആള്‍ക്കാരൊക്കെ വന്നിട്ടുണ്ട്. ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങള്‍ പാര്‍ട്ടി രൂപീകരിച്ചതെന്ന്. കാരണം ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് മറുപടി നല്‍കി. ഒരേയൊരു ഉത്തരം എല്ലാവരും കൈയടിച്ചു”ദേവന്‍ പറഞ്ഞു. എന്തായാലും പിന്നീട് ആരും ഇത്തരം ചോദ്യങ്ങളുമായി തന്റെ മുമ്പിലെത്തിയിട്ടില്ലെന്നും ദേവന്‍ പറയുന്നു.