മലയാള സിനിമയിലെ വിവാദങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാക്കി നടന് ദേവന് രംഗത്ത്. ഇത്രയധികം സൗന്ദര്യവും കഴിവുമുണ്ടായിട്ടും എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്ന് താന്‍ തഴയപ്പെട്ടു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടന് ദേവന്.
നായകനേക്കാള്‍ വില്ലന്‍ ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സിനിമകളില്‍ നിന്ന് സൂപ്പര്‍സ്റ്റാറുകളാണ് തന്നെ തഴഞ്ഞതെന്നാണ് ദേവന് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
താങ്കളുടെ കഴിവിനെ മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ദേവന് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ദേവന്റെ വാക്കുകളിങ്ങനെ…
‘അഭിനയിക്കാന്‍ യാതൊരു താല്പര്യവുമില്ലാതിരുന്ന ഞാന്‍ ഇത്രയും വലിയ നിലയിലെത്തിയില്ലേ. എത്രയോ സിനിമകളില്‍ അഭിനയിച്ചു. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, സൂര്യ എന്നിങ്ങനെ ധാരാളം പേരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. ദ കിംഗ് ,ഇന്ദ്രപ്രസ്ഥം, ന്യൂഡല്‍ഹി, നായര്‍ സാബ്, മഹാത്മ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളില്‍ നായകനൊപ്പം പ്രതിനായകനും അംഗീകരിക്കപ്പെട്ടു.
എന്തുകൊണ്ടാണെന്നറിയില്ല പിന്നീട് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളില്‍ നിന്ന് ഞാന്‍ തഴയപ്പെട്ടു. നായകനേക്കാള്‍ ശ്രദ്ധ വില്ലന്‍ ലഭിക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ആ സമയത്ത് മലയാളത്തേക്കാള്‍ മികച്ച വേഷങ്ങള്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ലഭിച്ചു. അവിടുത്തെ പ്രതിനായക വേഷങ്ങളില്‍ പുതിയൊരു ശൈലി കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. തമിഴിലും തെലുങ്കിലും എനിക്ക് ഇപ്പോഴും തിരക്കാണ്. ദേവന് പറയുന്നു.