മലയാള സിനിമാ മേഖലയില്‍ അരങ്ങേറുന്ന വിവാദങ്ങളും സംഘടനകള്‍ തമ്മിലുള്ള ഐക്യമില്ലായ്മയുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരിടം ഇല്ലെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുമ്പോള്‍ മറ്റൊരുവിഭാഗം അതവരുടെ തെറ്റിദ്ധാരണയാണെന്ന് വാദിച്ച് എതിര്‍ക്കുന്നു.
ഈ സാഹചര്യത്തിലാണ് നടന് ദേവന് പ്രസ്തുത വിഷയത്തെക്കുറിച്ച് മനസുതുറന്ന് രംഗത്തെത്തിയിരിക്കുന്നത്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദേവന് ഇക്കാര്യങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമയിലെ നടന്മാരെ തീരുമാനിക്കുന്നത് നായകന്മാരാണെന്നും ഒരു സിനിമയില്‍ ദേവന് വേണോ വിജയരാഘവന് വേണോ എന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടത്തിനനുസരിച്ചാണെന്നും ദേവന് പറഞ്ഞു. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ലെന്നും അതാണ് സിനിമയിലെ രാഷ്ട്രീയമെന്നും ദേവന് പറയുന്നു. .
മലയാളത്തിലെ പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടെന്നും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചാണ് അന്ന് പിടിച്ചുനിന്നതെന്നും ദേവന് കൂട്ടിച്ചേര്‍ക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്ക്കുന്ന നടന്മാര് ഇവിടെയുണ്ട്. പക്ഷേ അവര്‍ കേറിവരുമ്പോള്‍ എവിടെയോ ഒരു ബ്രേക്ക് വരുന്നുണ്ട്. തനിക്കത് പലവട്ടം ഫീല്‍ ചെയ്തിട്ടുണ്ടെന്നും ദേവന് പറയുന്നു.
ഒരാള്‍ക്ക് പേഴ്സണാലിറ്റി അല്പം കൂടിയാല്‍ പ്രശ്നമാണ്. എന്റെ മനസില്‍ നിരയൊത്ത് നില്ക്കുന്ന നടന്മാര് ആരാണെന്ന് ചോദിച്ചാല്‍ മൂന്ന് പേരുകളേ പറയൂ. വിജയരാഘവന്, സായികുമാര്‍, മനോജ് കെ ജയന്. ഇവര്‍ പവര്‍ഫുള്ളായിട്ടുള്ള റോളില്‍ ഓപ്പോസിറ്റ് വന്നാല്‍ അതിലെ ഹീറോയ്ക്ക് എപ്പോഴും ഒരു പ്രശ്നമുണ്ടാകും.
മലയാള സിനിമയില്‍ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ലെന്നും തമിഴിലും തെലുങ്കിലുമൊക്കെ എനിക്കത് ചെയ്യാന്‍ പറ്റുമോ എന്ന് ഈശ്വരനെ വിളിച്ച് ചോദിച്ചിട്ടുള്ള റോളുകള്‍ പോലും ചെയ്തിട്ടുണ്ടെന്നും ദേവന് പറഞ്ഞു.
ചെറുപ്പത്തില്‍ കലാപരമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ചെറുപ്പത്തില്‍ ആര്‍മിയില്‍ ചേരാനുള്ള ആഗ്രഹമായിരുന്നെന്നും പിന്നെ ഉള്ളിലുള്ളത് രാഷ്ട്രീയമാണെന്നും ദേവന് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തന്റെ ആരാധനാ പുരുഷന് വി എം സുധീരനാണെന്നും ദേവന് പറയുന്നുണ്ട്.