പാലക്കാട്: സിനിമാനടനായ ദേവനെഏവർക്കുമറിയുമെങ്കിലും സാമൂഹ്യ പ്രവർത്തകനായ ദേവനെ പലർക്കുമറിയില്ല.
കഴിഞ്ഞ ദിവസം നെന്മാറയിലെ ഗവ. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരേയും പോലീസുകരേയും ആദരിക്കുന്ന ചടങ്ങിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തകരും ജനമൈത്രി പോലീസുകാരും സിനിമാ താരവും സാമൂഹ്യ പ്രവർത്തകനുമായ ദേവനോട് ഒരു കാര്യം ആവശ്യപ്പെട്ടത്.
കിടപ്പു രോഗികളും സാന്പത്തികമായി ഒരുപാട് പിന്നിൽ നിൽക്കുന്നതുമായ നാല് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന ആവശ്യത്തിനായി ടി.വി നൽകാൻ കഴിയുമോയെന്ന്.
നമുക്ക് റെഡിയാക്കാമെന്നു പറഞ്ഞ് രണ്ട് ദിവസത്തിനകം പാലിക്കപ്പെട്ടു.
ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റേയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും സഹായത്തോടെ അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായ വക്കാവിലെ മണികണ്ഠന്റെയും, രോഗ ബാധിതയായി കിടപ്പിലായ പോത്തുണ്ടി ബോയിംഗ് കോളനിയിലെ റസിയയുടേയും വീടുകളിൽ ദേവൻ നേരിട്ടെത്തി ടി.വി കൈമാറുകയായിരുന്നു.
പാലിയേറ്റീവ് പ്രവർത്തകരും, ജനമൈത്രി പോലീസും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ ആദിവാസി ഉൗരുകൾക്ക് 20 ടി.വി കൾ വിതരണം ചെയ്യാൻ നേതൃത്വം നൽകിയതും ദേവനായിരുന്നു.
നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
പാലിയേറ്റീവ് കോ- ഓർഡിനേറ്ററായ സിനി, ജനമൈത്രി ഓഫീസർ ഉജേഷ്, സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, ജില്ലാ ഹോസ്പിറ്റൽ എ.ആർ.ടി കൗണ്‍സിലർ അനിത കൃഷ്ണമൂർത്തി, എം.വിവേഷ് എന്നിവർ സംബന്ധിച്ചു.