കൊല്ലം: കൊല്ലം ഇളവൂരില്‍ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം. പോസ്റ്റ്മോർട്ടത്തിൽ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളിൽ കണ്ടെത്തി. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽച്ചൂണ്ടുന്നത്.
ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
നേരത്തെ ഇന്‍ക്വസ്റ്റ് നപടികളിലും കുട്ടിയുടെ ശരീരത്തിൽ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ കണ്ടെത്താനായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പരിശോധനയിൽ കണ്ടെത്തിയില്ല. വസ്ത്രങ്ങൾ എല്ലാം മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു.
ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ ഏഴു വയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാ വിലെ പത്തരയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്. കുടവട്ടൂർ വാക്കനാട് സരസ്വതീ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ 20 മണിക്കൂറായി ദേവനന്ദയ്ക്കായി പോലീസും നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തിവരികയായിരുന്നു. കുട്ടിക്കായി സംസ്ഥാന അതിർത്തി കളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
അമ്മ വീടിന്റെ പുറകുവശത്ത് തുണി അലക്കിയശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അ റിയുന്നത്.