കുറ്റ്യാടി: വീട്ടിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ പതിനാറുകാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി.
കുറ്റ്യാടി വേളം പഞ്ചായത്തിലെ കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ദേവനന്ദനാണു കഴിഞ്ഞ ദിവസം രാവിലെ വടകരയിൽനിന്ന് ഏറനാട് എക്സ്പ്രസിൽ കയറി രാത്രി ഒന്പതോടെ തിരുവനന്തപുരത്ത് എത്തിയത്.
തമ്പാനൂരിൽനിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകണമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്ഐ ജിജുവും സംഘവും രാത്രി ഭക്ഷണം വാങ്ങി നൽകി.
കുട്ടി സുരക്ഷിതനാണെന്ന് പോലീസ് പിതാവ് തറക്കണ്ടി രാജീവനെ വിളിച്ചറിയിച്ചു. പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്കു പോലീസിന്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി.
മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞതോടെ എസ്ഐ ജിജു രാവിലെതന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനെയും ചേംബറിലേക്കു വിളിപ്പിച്ചു. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നു പണം പലിശയ്ക്കു വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി.
കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി, വീട്ടുകാരോടു പറയാതെ യാത്ര ചെയ്തതിനു വിദ്യാർഥിയെ സ്നേഹത്തോടെ ഉപദേശിച്ചു.
ഇനി വീട്ടുകാരോടു പറയാതെ എവിടെയും പോകരുത് എന്നു നിർദേശിച്ച ശേഷം ഇരുവരെയും യാത്രയാക്കി. ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയാറായതോടെ യാത്രയുടെ ഉദ്ദേശ്യം സഫലീകരിച്ച സന്തോഷത്തിലാണു ദേവനന്ദൻ. ആവള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്.