തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ നിന്ന് ഏഴു വയസുകാരിയായ ദേവനന്ദ എന്ന കുട്ടിയെ കാണാതായ വാർത്ത അറിഞ്ഞപ്പോൾ മുതൽ പ്രാർഥനയോടെയാണ് കേരളം കാത്തിരുന്നത്. മലയാളികൾ എല്ലാവരും കുട്ടിക്കായി സോഷ്യൽ മീഡിയയിൽ സജീവമായി.
നടൻമാരായ മോഹൻലാലും കുഞ്ചാക്കോ ബോബനും ദേവനന്ദയെ കാണാനില്ലെന്ന വാർത്ത തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ചിരുന്നു. ദയവായി ശ്രദ്ധിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ വാർത്ത പങ്കുവച്ചത്.
ദേവനന്ദയുടെ മരണവാർത്ത പുറത്തുവന്നശേഷം ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
“ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി..ദേവനന്ദ വിടവാങ്ങി…ആദരാഞ്ജലികൾ” എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയത്.
മമ്മൂട്ടിയും ദുൽഖർ സൽമാനും ദേവനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും ആദരാഞ്ജലി അർപ്പിച്ചത്.