കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഴുവസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്.
ഇത് ലഭിക്കുന്നതോടെ അന്വേഷണത്തിന് വഴിതിരിവ് ഉണ്ടാകും. മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറില് ഇന്നലെ ഫോറന്സിക് സംഘം പരിശോധന നടത്തി. ഫോറന്സിക് ചീഫ് സര്ജന് പ്രഫസര് ശശികല, ഡോ. വല്സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അസ്വാഭാവികമായതൊന്നും പരിശോധനയില് കണ്ടെത്തിയില്ല. ആന്തരിക അവയവ പരിശോധനാ റിപ്പോര്ട്ട് കിട്ടിയ ശേഷം തുടര് അന്വേഷണത്തെക്കുറിച്ച് പോലീസ് തീരുമാനമെടുക്കും. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലും ഫോറന്സിക് പരിശോധനയിലും ഒന്നും കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേ സമയം ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നിലനില്ക്കെ, കുട്ടി ഇതുവരെ ആരോടും പറയാതെ പുറത്തുപോകില്ലെന്ന നിലപാട് മാറ്റി ബന്ധുക്കൾ. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില് നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അദ്ദേഹം പോലീസിന് കൊടുത്ത മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. അന്ന് ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീട്ടില് നിന്നാണ് കാണാതാകുന്നത്. കുടുംബ സുഹൃത്തായ മിനിയാണ് കുട്ടിയെ വീട്ടില് തിരികെ എത്തിച്ചതെന്നും ദേവനന്ദയുടെ പിതാവ് പ്രദീപ് പറഞ്ഞു.
കൂടാതെ കുട്ടിയെ കാണാതായ ദിവസം രാവിലെ ഒമ്പതിന് ദേവനന്ദയാണ് 100 മീറ്റര് അകലെയുള്ള കടയില് പോയി സോപ്പ് വാങ്ങിവന്നതെന്നും കണ്ടെത്തി. ഒറ്റയ്ക്ക് കടയിലെത്തിയ കുട്ടി ഒരു വാഷിംഗ് സോപ്പ് മാത്രം വാങ്ങി തിരികെപോയതായി കടയുടമായ സ്ത്രീ പറഞ്ഞു. പോലീസിന് കൊടുത്ത മൊഴിയിലും അവര് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ദേവനന്ദയുടെ മാതാവിന്റെ വീടായ വാക്കനാട് ധനീഷ് ഭവനിലെത്തിയ ഫൊറന്സിക് സംഘം തുടര്ന്ന് കുട്ടി സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന വഴിയിലൂടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപമുള്ള നടപ്പാലത്തിലെത്തുകയും പുഴയുടെ ആഴം പരിശോധിക്കുകയും ചെയ്തു. തുടര്ന്ന് കുട്ടിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തെത്തിയ സംഘം കൂടുതല് തെളിവെടുപ്പുകള് നടത്തി.
കുട്ടിയുടെ വീടിനുസമീപമുള്ള കടവിലും പരിശോധന നടത്തിയ സംഘം 3.50 തോടെ മടങ്ങി. അതേസമയം അസ്വാഭാവിക മരണത്തിൽതന്നെ ബന്ധുക്കളും നാട്ടുകാരും ഉറച്ചുനിൽക്കുകയാണ്. കുട്ടിയുടെ വീട്ടിൽനിന്ന് ഏറെഅകലെയുള്ള ഇത്തിക്കരയാറിലേക്ക് എങ്ങനെ കുട്ടി എത്തിയെന്നുള്ളത് പോലീസിന് കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇന്നലെ പരിശോധന നടത്തിയ സംഘം റിപ്പോർട്ട് ഇന്നോ നാളെയോ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകും. കൂടുതൽ ശാസ്ത്രീയ പരിശോധനകളുടെ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണണ്.
ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലവും ഫോറൻസിക് പരിശോധനാഫലവും ലഭിക്കുന്നതോടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.