കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.
വീട്ടിൽനിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അമ്മ തുണി കഴുകാൻ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികൾ. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവർ പറയുന്നു.
പ്രതിഷേധം ഉയർന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണർ നാട്ടുകാർക്ക് ഉറപ്പുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പോലീസിന്റെ അന്വേഷണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച മുതൽ വൻജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്. രാവിലെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വൻജനാവലിയാണ് വീട്ടിലും പരിസരത്തും തടിച്ചുകൂടിനിൽക്കുന്നത്.ഇവരെല്ലാംതന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലീസിനെ അറിയിച്ചു.