
ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പറങ്ങഴമോടിയിൽ സന്തോഷ്- രഞ്ജിനി ദന്പതികളുടെ ഏകമകൾ ദേവനന്ദ (നാലര) മരിച്ചു. മരണത്തിൽ സംശയവുമായി വീട്ടുകാരും ബന്ധുക്കളും.
അങ്കണവാടി വിദ്യാർഥിനി ദേവനന്ദ, വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ് വിട്ടു വീട്ടിൽ എത്തുന്പോൾ സാധാരണ പനിയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നു.
ക്രമേണ ശരീരത്തിനു ചൂടുകൂടുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾ വെള്ളത്തിൽ തുണി മുക്കി ശരീരം തുടച്ച് ഉറക്കാൻ കിടത്തി.
എന്നാൽ, ശനിയാഴ്ച രാവിലെ പെട്ടെന്നു ശരീരം വിയർക്കുകയും ഛർദിക്കുകയും ചെയ്തതിനെത്തുടർന്നു കുട്ടിയെ കുളനടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി.
കുട്ടിയെ പരിശോധിച്ച ഡോക്ടർ പനിയുടെ ലക്ഷണമാണെന്ന് അറിയിച്ചതനുസരിച്ചു മരുന്നുവാങ്ങി വീട്ടിൽ തിരിച്ചെത്തി.
എന്നാൽ, മരുന്നു കഴിച്ചു കിടന്ന കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ വന്നതോടെ രാത്രി 9.30ഓടെ കുട്ടിയെ കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ഡ്രിപ് കൊടുത്തു മരുന്നും വാങ്ങി രാത്രിയിൽ തന്നെ വീട്ടിൽ കൊണ്ടുവന്നു.
എന്നാൽ, പുലർച്ചെ ഒന്നോടെ കുട്ടിയുടെ നിലയിൽ മാറ്റമില്ലാതെ വരികയും തുടർച്ചയായി ഛർദിക്കുകയും ചെയ്തതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴേക്കും വാടിത്തളർന്ന കുട്ടിയുടെ പൾസ് നിരക്ക് താഴേക്കു പോയിരുന്നു. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും പുലർച്ചെ രണ്ടരയോടെ മരിച്ചു.
ഇതിനിടെ, കുട്ടിയുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതിനൽകി. പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ അയച്ചു പോസ്റ്റ്മോർട്ടം നടത്തി സന്ധ്യയോടെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാവൂയെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.