മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച് നവാഗതനായ മനു രാധാകൃഷ്ണന് രചനയും സംവിധാനവും ചെയ്ത ‘ഗു’ ആണ് ദേവനന്ദയുടെ പുതിയ ചിത്രം.
ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയന് പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പര്‍ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
‘അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്. നോട്ട് എഴുതി തീര്‍ക്കാന്‍ പറ്റുന്നത്. ക്ലാസില്‍ പോകാന്‍ പറ്റുന്നത്. അച്ഛന് ഉണ്ടെങ്കിലേ സിനിമയുടെ കാര്യം നടക്കുള്ളൂ. അമ്മയുണ്ടെങ്കിലേ പഠനത്തിന്റെ കാര്യം നടക്കുള്ളൂ. അച്ഛനാണ് ഡ്രൈവർ, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്റ്റൈലിസ്റ്റ് എല്ലാം,’ ദേവനന്ദ പറഞ്ഞു.
ഗുളികന്റെ അത്ഭുതങ്ങളുമായിട്ടാണ് ‘ഗു’ തീയേറ്ററുകളില്‍ വരുന്നതെന്ന് ദേവനന്ദ വ്യക്തമാക്കി. ചിത്രത്തില്‍ സൈജു കുറുപ്പ്, നിരഞ്ജ് മണിയന്‍പിള്ള രാജു, കുഞ്ചന്‍, ലയാ സിംസണ്‍, അശ്വതി മനോഹര്‍, നന്ദിനി ഗോപാലകൃഷ്ണന്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.