കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ആറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ബന്ധുക്കൾ ഉൾപ്പടെയുള്ളവരിൽനിന്ന് പോലീസ് മൊഴിയെടുക്കും.
ദേവനന്ദ മുങ്ങിമരിച്ചതായാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകാതെ എത്തും. ഇത് കൂടി ലഭിച്ചങ്കിലെ കേസന്വേഷണം വ്യക്തമായ പാതയിൽ എത്തുകയുള്ളു.
കുട്ടിയുടെ ശ്വാസകോശത്തിലും ആമാശയത്തിലും ചെളിയും വെള്ളവും കാണപ്പെട്ടിരുന്നു. ഇതാണ് മുങ്ങിമരിച്ചതായുള്ള നിഗമനത്തിലെത്താൻ കാരണമായത്.
ശരീരത്തിൽ മുറിവുകളോ ബലപ്രയോഗത്തിന്റെ സൂചനകളോ കണ്ടെത്താനായിട്ടില്ല. വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള പള്ളിമൺ ആറ്റിലേക്ക് കുട്ടി പോകാൻ ഇടയായ സാഹചര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
വീട്ടിൽനിന്ന് 100 മീറ്റർ അകലെ താൽക്കാലികമായി നിർമിച്ച തടയണയുടെ ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ കുട്ടി ഈ ഭാഗത്തെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു.
സമീപത്തെ വീടുകളിലുള്ളവരുടെയും പിതാവ് ഉൾപ്പടെയുള്ള മറ്റ് ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവെടുപ്പും നടത്തും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ മുങ്ങിമരണക്കിലേക്കുള്ള സൂചന തരുന്നെങ്കിലും നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ കാണാതായത്.
അമ്മ ധന്യ തുണി കഴുകാൻ പോയപ്പോൾ ദേവനന്ദ കൂടെയുണ്ടായിരുന്നു. കുട്ടിയോട് അകത്തു പോയിരിക്കാൻ അമ്മ പറഞ്ഞിരുന്നു. നാലുമാസം പ്രായമുള്ള ഇളയ മകൻ അകത്തു ഉറക്കമായിരുന്നതിനാൽ കൂട്ടിരിക്കാൻ കുട്ടിയോട് പറഞ്ഞു.
കുട്ടി അകത്തേക്ക് പോകുന്നത് കണ്ട ശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
പരിസരത്തൊന്നും കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളെയും പഞ്ചായത്ത് അംഗത്തേയും അറിയിക്കുകയായിരുന്നു. അവർ വിവരം അറിയിച്ചതിനെതുടർന്ന് ഉടൻതന്നെ പോലീസെത്തി വീടും പരിസരവും പുഴകളിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയെ കാണാതായ വിവരം സോഷ്യൽമീഡിയ വഴിയും പ്രചരിച്ചിരുന്നു. വീടിന് സമീപത്തെ പള്ളിക്കലാറ്റിൽ ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഇന്നലെ രാവിലെ വീടിനു സമീപമുള്ള ഇത്തിക്കരയാറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.