കൊല്ലം: ഇളവൂരിൽനിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്നലെ കണ്ടുകിട്ടിയെങ്കിലും സംഭവത്തിൽ ദുരൂഹത ബാക്കിയാകുന്നതായി നാട്ടുകാർ പറയുന്നു. വീട്ടിനുള്ളിൽ കളിച്ചുനിന്നിരുന്ന കുട്ടി എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി എന്നതാണ് പ്രധാന ചോദ്യം.
വീടിനു പുറത്ത് എങ്ങോട്ടു പോയാലും കുട്ടി അമ്മയോടു പറയുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, ആറിനു സമീപത്തേക്ക് കുട്ടി പോകേണ്ട സാഹചര്യമില്ല.
വള്ളിപ്പടർപ്പുകൾ പടർന്ന് പൊന്തക്കാടിനു സമാനമായ പ്രദേശത്തുകൂടി വേണം ആറ്റിലേക്കു പോകാൻ. മറ്റാരുടെയെങ്കിലും പ്രേരണയാൽ ഇവിടെ എത്തപ്പെട്ടതാണോ എന്നതാണു നാട്ടുകാരുടെ സംശയം.
പകൽ പോലും മുതിർന്നവർപോലും ഈ പ്രദേശത്തേക്കു പോകാറില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയശേഷം ആറ്റിൽ കൊണ്ടിട്ടതാണോ എന്ന സംശയമാണു നാട്ടുകാർക്ക്.
പോലീസിനും ഇക്കാര്യത്തിൽ ഉത്തരം പറയാൻ കഴിയാത്ത സ്ഥിതിയാണ്. വീടിനു സമീപം ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ട്. ഒരു ദിവസം മുത്തശിക്കൊപ്പം ദേവനന്ദ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുകയുമുണ്ടായി.
അതുകൊണ്ടുതന്നെ വീട്ടിൽ നിന്നിറങ്ങി ക്ഷേത്രത്തിൽ പോകാനുള്ള സാധ്യതയും ചിലർ തള്ളിക്കളയുന്നില്ല. അവിടെവച്ച് ആരെങ്കിലും പ്രലോഭിപ്പിച്ച് കൊണ്ടുപോയോ എന്നുള്ള സംശയവും നാട്ടുകാർക്കുണ്ട്.
കാണാതായ ദിവസം വൈകുന്നേരം സ്ഥലത്തെത്തിയ പോലീസ് നായ ദേവനന്ദയുടെ വീട്ടിൽ നിന്ന് മണം പിടിച്ച് പള്ളിമൺ ആറിനുസമീപത്തുകൂടി ഓടി ആദ്യം താത്കാലിക തടയണയുടെ ഭാഗത്ത് വരെ എത്തുകയുണ്ടായി.
പിന്നീട് വീണ്ടും മുന്നോട്ടോടിയ നായ സമീപത്തെ കെട്ടിടം വരെ പോയ ശേഷം മടങ്ങി. പിന്നീട് വീണ്ടും കുട്ടിയുടെ വീട്ടു പരിസരത്തുനിന്ന് മറ്റൊരു ഭാഗത്തേക്കും മണം പിടിച്ച് 200 മീറ്റർ വരെ പോയി തിരികെവന്നു. ഇതിലാണ് നാട്ടുകാർക്ക് വലിയ സംശയമുള്ളത്. പോലീസും ഇക്കാര്യം ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
കുട്ടിയെ കാണാതായ ദിവസവും മൃതദേഹം കാണപ്പെട്ട ആറ്റിന്റെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകളിലടക്കം നാട്ടുകാരും പോലീസും ഫയർഫോഴ്സും വിശദമായ തെരച്ചിൽ നടത്തിയിരുന്നു.
ഒരു പകലും രാത്രിയും നീണ്ട തെരച്ചിലിനും പ്രാർഥനയ്ക്കും ഒടുവിൽ എല്ലാവരെ ദുഃഖത്തിലാഴ്ത്തി ദേവനന്ദയുടെ മൃതദേഹം കിട്ടി എന്ന സത്യം നാട്ടുകാർ വേദനയോടെയാണു ശ്രവിച്ചത്.
എസ്. ആർ. സുധീർകുമാർ