കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ബന്ധുക്കളിൽനിന്ന് വീണ്ടും മൊഴിയെടുക്കും.
ഫോറൻസിക് സംഘത്തിന്റെ നിഗമനം അന്വേഷണത്തിന് കൂടുതൽ വഴിതിരിവായിട്ടുണ്ട്. മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല കുട്ടി വീണതെന്ന കണ്ടെത്തൽ കേസന്വേഷണത്തിന് പുതിയമാനം കൈവരുത്തും.
വീടിന് സമീപത്തെ കുളിക്കടവിൽ മുങ്ങിമരിച്ചതാകാമെന്ന് കരുതുന്നു. കുട്ടി കൗതുകത്തിന് കുളിക്കടവിൽ എത്തിയശേഷം കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.
കുട്ടിയുടെ മൃതദേഹം കാണപ്പെട്ട താത്ക്കാലിക ബണ്ടിലേയ്ക്ക് 220 മീറ്റർ ദൂരമുണ്ട്. അതേസമയം വീട്ടിൽ നിന്ന് കുളിക്കടവിലേയ്ക്ക് 75 മീറ്റർ മാത്രം ദൈർഘ്യമാണുള്ളത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങി പരമാവധി 100 മീറ്റർ ദൂരത്തിനുള്ളിൽ അപകടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഫോറൻസിക് സംഘം കരുതുന്നത്.
അതുകൊണ്ടുതന്നെയാണ് കുളിക്കടവിൽ അപകടം സംഭവിച്ചുണ്ടാകാം എന്ന നിഗമനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി പ്രഫ.കെ.ശശികലയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.
മാത്രമല്ല ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചതെങ്കിൽ ഒഴുക്കുള്ളതിനാൽ അവിടെ തന്നെ മൃതദേഹം കണ്ടെത്തുക എന്നത് വിരളമാണ്.
മൃതദേഹം അഴുകി തുടങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ബണ്ടിന് മറുവശം കടന്ന് മുൾപ്പടർപ്പുകളിൽ തങ്ങിനിന്നുകാണുമെന്നും ഫോറൻസിക് സംഘം വിലയിരുത്തുന്നു.
ഫോറൻസിക് സംഘത്തിന്റെ നിഗമനങ്ങൾ റിപ്പോർട്ടായി ഇന്നോ നാളെയോ പോലീസിന് കൈമാറുമെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ രാസപരിശോധാ റിപ്പോർട്ടും കിട്ടാനുണ്ട്. അതുകൂടി ലഭിച്ച ശേഷമേ പോലീസിന് കൂടുതൽ അന്വേഷണം നടത്താനാകൂ.
അതേ സമയം കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയാണെന്നുമുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഈ സാഹചര്യത്തിലാണ് ബന്ധുക്കളിൽനിന്ന് വീണ്ടും മൊഴിയെടുക്കുന്നത്. കഴിഞ്ഞദിവസം പ്രദേശവാസികളായ പലരിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
തെളിവുകളും സാക്ഷികളും ഇല്ലാത്തതിനാൽ പോലീസിന് ശാസ്ത്രീയ തെളിവുകളെ മാത്രമേ ആശ്രയിക്കാനാകുന്നുള്ളൂ.മുങ്ങിമരണമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ടെങ്കിലും അന്വേഷണം ഊർജിതമാണ്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് പോലീസ് ഉത്തരം കണ്ടെത്തുകതന്നെ വേണം.