കൊല്ലം: ഇളവൂരില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് വെള്ളിയാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.
ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ ആറുവയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്. കുടവട്ടൂർ വാക്കനാട് സരസ്വതീ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ 20 മണിക്കൂറായി ദേവനന്ദയ്ക്കായി പോലീസും നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തിവരികയായിരുന്നു. കുട്ടിക്കായി സംസ്ഥാന അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
അമ്മ വീടിന്റെ പുറകുവശത്ത് തുണി അലക്കിയശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അറിയുന്നത്.