എസ്.ആർ. സുധീർകുമാർ
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു. പോലീസിനൊപ്പം സംഘത്തിൽ ഫോറൻസിക് വിദഗ്ധരും ഉണ്ടാകും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി അടക്കമുള്ളവർ ഇന്ന് ദേവനന്ദയുടെ ഇളവൂരിലെ വീട്ടിലും മൃതദേഹം കാണപ്പെട്ട പുഴയുടെ ഭാഗത്തും എത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും.
നേരത്തേ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വൽസല അടക്കമുള്ളവർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതു മുങ്ങിമരണം തന്നെയാണെന്നാണ്. തടയണയ്ക്കു സമീപം നിർമിച്ചിട്ടുള്ള താത്കാലിക നടപ്പാലം കയറവേ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണു നിഗമനം.
വെള്ളം കുടിച്ചപ്പോൾ താഴ്ന്നു. പിന്നീട് ഉയർന്നിട്ടുണ്ടാകും. തുടർന്ന് മരണ വെപ്രാളത്തിൽ പുഴയിൽ താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്. ശ്വാസകോശത്തിൽ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാൽ വയറ്റിൽ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
എന്നാൽ, പുഴയുടെ ഭാഗം വരെ ദേവനന്ദ ഒറ്റയ്ക്കു പോകില്ല എന്ന നാട്ടുകാരുടെ സംശയം പോലീസും തള്ളിക്കളയുന്നില്ല. ചെരുപ്പ് ധരിക്കാതെയാണ് കുട്ടി പുറത്തു പോയിട്ടുള്ളത്. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കുന്ന കാര്യമാണ്.
അമ്മയ്ക്കും മുത്തച്ഛനും മുത്തശിക്കും ഒപ്പമല്ലാതെ ദേവനന്ദ വീടിനു പുറത്തേക്ക് പോകാറില്ല. ദേവനന്ദയുടെ വീടിനു താഴെയുള്ള വീട് ആഴ്ചകളായി പൂട്ടിക്കിടപ്പാണ്.
പോലീസ് നായ മണം പിടിച്ച് ഈ വീടിനു പുറകിലൂടെ ഓടി ഗേറ്റിനു മുന്പിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയെത്തിയാണ് നായ നിന്നത്. പോലീസ് നായയുടെ ഈ യാത്രയും അന്വേഷണത്തിൽ നിർണായകമാകാനാണു സാധ്യത.
ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകൾ ഒന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമില്ല. ശ്വാസം മുട്ടി മരണം സംഭവിച്ചതിന്റെ സൂചനകളും ഇല്ല.
കാണാതാകുന്പോൾ കുട്ടി സ്വർണാഭരണങ്ങളും ധരിച്ചിരുന്നില്ല. തട്ടിക്കൊണ്ടുപോയെന്ന് ആരോപണം ഉണ്ടെങ്കിലും എന്തിനാണ് അതെന്ന സംശയവും ബാക്കി നിൽക്കുന്നു.
വീടിനകത്ത് സെറ്റിയിൽ കിടന്ന ഷാൾ മുറിക്കുള്ളിൽ കുട്ടി കളിക്കാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതെടുത്ത് പുറത്തു പോകത്തില്ലെന്ന് മാതാവ് തറപ്പിച്ചു പറയുന്നു. ഷാളുമായി കുട്ടി പുറത്തുപോയ സാഹചര്യവും ദുരൂഹമാണ്.
ഇതൊക്കെ അന്വേഷണസംഘത്തെ ഏറെ കുഴപ്പിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും സമീപ വാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ദേവനന്ദയെ രാവിലെ പത്ത് കഴിഞ്ഞപ്പോഴാണ് കാണാതായതെന്നാണ് അമ്മ പറയുന്നത്. ഈ സമയത്ത് പ്രദേശത്ത് അപരിചിതർ ആരെങ്കിലും എത്തിയിരുന്നോ എന്നതും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അതിനുള്ള സാധ്യത കുറവാണെന്നാണ് സമീപവാസികൾ പറയുന്നത്.
കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ഇന്നു നടക്കുന്നതിനു മുന്നോടിയായി കുട്ടിയുടെ വീട്ടിൽനിന്ന് കുട്ടിയുടെ മൃതദേഹം കാണപ്പെട്ട പുഴ വരെയുള്ള ദൂരം, സമീപത്തെ കുളിക്കടവിന്റെ ദൈർഘ്യം, കടവിലെ പടികളുടെ എണ്ണം, ബണ്ടിന്റെ ദൈർഘ്യം, ബണ്ടിലെ താത്കാലിക പാലത്തിന്റെ നീളം, ബണ്ടിന് ഇരുവശത്തും പുഴയുടെ ആഴം തുടങ്ങിയവ കഴിഞ്ഞദിവസം പോലീസ് അളന്ന് തിട്ടപ്പെടുത്തുകയുണ്ടായി.