ഇടപ്പള്ളി: വികസനം വഴിമുട്ടിയ അവസ്ഥയിലാണ് ദേവൻകുളങ്ങര ജംഗ്ഷൻ. മൂന്നു വര്‍ഷമായി പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജംഗ്ഷന് വികസനത്തിനായി ഒരു കമ്മറ്റിയുണ്ടാക്കി അസിസ്റ്റന്റ് കമ്മീണര്‍ എംഎല്‍എ എന്നിവര്‍ക്കു പരാതികള്‍ നല്‍കിയും ചര്‍ച്ചകള്‍ നടത്തിയും കാത്തിരിക്കുകയാണെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ജംഗ്ഷന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡും മറുഭാഗത്ത് ബേസിക് ട്രെയിനിംഗ് സ്കൂളുമാണ്. ജംഗ്ഷന് വികസനത്തിനായി സ്കൂളിന്റെ ഗേറ്റിനോട് ചേര്‍ന്ന് സ്ഥലം വിട്ടു നല്‍കിയിരുന്നു. അവിടെ ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് അനുവാദവും നല്‍കിയിട്ടുണ്ട്.
പക്ഷേ വികസനം വാക്കുകളിൽ മാത്രമായതോടെ അവിടെ ഇപ്പോള്‍ ചെറുചരക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഗേറ്റിനു സമീപത്തെ ഒരു മരം മുറിക്കുന്നത് സംബന്ധിച്ച പ്രതിസന്ധിയാണ് ദേവന്‍കുളങ്ങര ജംഗ്ഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാൻ കാരണം.
തുടക്കത്തിൽ വ്യാപാരികൾ ചേർന്നു മരംമുറിക്കുന്നതു സംബന്ധിച്ച കാര്യം വനംവകുപ്പുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് എംഎൽഎ ഇടപെട്ട് മരം മുറിച്ചു നീക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുമരാമത്തിനെ ഏൽപ്പിച്ചെങ്കിലും നടപടി വൈകുകയാണ്.
ജംഗ്ഷന്റെ ഒരുവശത്തുള്ള ഓട്ടോ സ്റ്റാൻഡില്‍ ഒരു സമയം അഞ്ച് ഓട്ടോറിക്ഷകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവു എന്നാണ് നിര്‍ദേശം. പാർക്കിംഗിന് മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇതിൽ കൂടുതല്‍ ഓട്ടോറിക്ഷകൾ പലപ്പോഴും ഇവിടെ പാർക്കു ചെയ്യുന്നു. ഇതോടെ പ്രദേശത്തെ കടകളിലേക്കു വരുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതാകും.
ഇതുകൊണ്ടുതന്നെ ആളുകള്‍ പ്രദേശത്തെ കടകളിലേക്ക് വരാൻ മടിക്കുകയാണ്.ഇടപ്പള്ളി സ്റ്റേഷന് കവലയില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാവിലെ പാര്‍ക്ക് ചെയ്തിട്ട് പോയാൽ വൈകുന്നേരമാണ് പലരും വാഹനം എടുക്കാറ്.
ഇതുമൂലം പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇക്കാര്യങ്ങളിൽ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.
അതേസമയം ദേവന്‍കുളങ്ങര ജംഗ്ഷൻ വികസനം സംബന്ധിച്ചുള്ള കോര്‍പറേഷന്റെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായതായി ദേവന്‍കുളങ്ങര ഡിവിഷൻ കൗണ്‍സിലര്‍ കെ.എ. വിജയകുമാര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ജോലികളാണ് പൂർത്തിയാകാനുള്ളത്. മഴയും കൊറോണയും മൂലമാണ് പണികള്‍ വൈകുന്നത് എന്നും അദേഹം അറിയിച്ചു.