ചേര്‍ത്തല: കേരളാ ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് 55ലക്ഷത്തിന്റെ തട്ടിപ്പുനടത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക്.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ അപ്രൈസര്‍ ചേര്‍ത്തല ആശാരിപറമ്പില്‍ ദേവരാജനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചടച്ച് കേസ് സെറ്റില്‍ ചെയ്തതിനാല്‍ ദേവരാജന്‍ കോടതി ജാമ്യം അനുവദിച്ചു.
ദേവരാജന്‍ ബാങ്കിന് വരുത്തിവച്ച ബാധ്യത ഒരു സുഹൃത്താണ് ബാങ്കില്‍ പണം അടച്ച് സെറ്റില്‍ ചെയ്തത്.
ദേവരാജന്‍ പലയാളുകളുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.14 പേരുകളിലായാണ് മുക്കുപണ്ടം പണയംവെച്ചത്.
ബാങ്കില്‍ പണയം വയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വര്‍ണവും അവരുടെ പേരില്‍ പണയംവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി ദേവരാജന്‍ സമീപിക്കും.
പരിചയക്കാരനായതും തങ്ങള്‍ക്കു സാമ്പത്തിക ബാധ്യത വരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകള്‍ക്ക് അനുമതി നല്കി.
ദേവരാജന്‍ പിടിയിലായതോടെയാണ് വിവരങ്ങള്‍ ഇടപാടുകാര്‍ പലരും അറിയുന്നത്. ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പു പുറത്താകുന്നത്.
അധികൃതര്‍ പരാതിപ്പെട്ടതോടെ പോലീസ് അന്വേഷണം നടത്തി അപ്രൈസറെ പിടികൂടുകയായിരുന്നു.
നഷ്ടപ്പെട്ട പണം തിരിച്ചടച്ച സാഹചര്യത്തില്‍ ബാങ്കിനു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
കേസ് താല്കാലികമായി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെങ്കിലും സമാന സംഭവങ്ങള്‍ വേറെ ബാങ്കുകളിലും നടന്നിട്ടുണ്ടോയെന്ന അന്വേഷണവും പോലീസ് തുടരും.