ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയാണെന്ന് ഐ.വി. ശശി. ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയ ഐ.വി. ശശി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
കള്ളനും പോലീസും എന്ന സിനിമ കഴിഞ്ഞു സാന്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ. മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ. വി.ശശിയോടും പറഞ്ഞു.
കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ. വി. ശശിയുടെ മനസിൽ മംഗലശേരി നീലകണ്ഠന്റെ വേഷമിടാൻ കണ്ടുവച്ചത്. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്.
നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെകൊണ്ട് സാധിക്കും. മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുന്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു. എന്നാൽ ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി മോഹൻലാൽ തന്റെ ഡേറ്റ് നൽകി.
ഡേറ്റ് കിട്ടികഴിഞ്ഞപ്പോൾ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് അന്ന് നൽകി സഹായിച്ചത് സീമയാണ്.
മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ചിത്രമായി മാറുകയായിരുന്നു ദേവാസുരം. മംഗലശേരി നീലകണ്ഠനായി തകർപ്പൻ പ്രകടനമാണ് താരം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.
-പിജി