തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരമായി ശ്രമിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ. കേളു. സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകും.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും.
ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല- ഒ.ആർ.കേളു മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും വകുപ്പ് തന്നിരുന്നെങ്കിൽ താൻ തന്നെ വേണ്ടെന്ന് പറയുമായിരുന്നുവെന്നു ഒ.ആർ. കേളു കൂട്ടിച്ചേർത്തു.