ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പഞ്ഞിക്കിട്ട് ഭക്തര്‍. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ബോര്‍ഡിന്റെ തൃശ്ശൂര്‍ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കുമാണ് ഭക്തരുടെ തല്ല് കിട്ടിയത്. ഡ്രൈവര്‍ക്ക് ദേഹമാസകലവും ഉദ്യോഗസ്ഥന് മുഖത്തുമാണ് മര്‍ദ്ദനമേറ്റത്. ഭക്തര്‍ പിടിച്ചുകെട്ടുമെന്ന് ഉറപ്പായതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
എറണാകുളം സ്വദേശിയായ യുവതി സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും ചോറ്റാനിക്കര പോലീസിനും പരാതി നല്‍കി. പിന്നാലെ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ എത്തി അന്വേഷണം നടത്തി. പരാതിക്കാരിയില്‍ നിന്നു ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഇതുവരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. പതിവായി ദര്‍ശനത്തിനെത്തുന്ന യുവതിയോട് നടപ്പന്തലിന് അരികെയുള്ള സത്രത്തിനു സമീപംവെച്ച്് പ്രതികള്‍ മോശമായി പെരുമാറുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുകയായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ആരോപണ വിധേയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ബോര്‍ഡിന് പരാതി നല്‍കി.