എം.സുരേഷ്ബാബു
തിരുവനന്തപുരം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളില്‍ കൂട്ടസ്ഥലംമാറ്റം, അധ്യാപകര്‍ക്ക് അമര്‍ഷം. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് നാല് ഹയര്‍സെക്കൻഡറി സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഒറ്റ ഉത്തരവിലൂടെ 35 അധ്യാപകരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലംമാറ്റമെന്നാണ് അധ്യാപകരുടെ പരാതി.
സ്ഥലംമാറ്റത്തിനായി നാല് അധ്യാപകരും ഗ്രേഡ് മാറ്റത്തിന് രണ്ട് അധ്യാപകരുമാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ മറ്റുള്ളവരെ കൂടി കൂട്ടത്തോടെ മാറ്റുകയായിരുന്നുവെന്നാണ് അധ്യാപകസംഘടനകളുടെ പരാതി.
നാല് ഹയര്‍ സെക്കൻഡറി സ്കൂളുകളിലും പ്യൂണ്‍ തസ്തിക ഇല്ല. ശമ്പളബില്‍ ഉള്‍പ്പെടെ തയാറാക്കുന്നതും പ്യൂണ്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം നിര്‍വഹിക്കുന്നത് അധ്യാപകരാണ്. ഈ അടുത്ത കാലത്ത് ഒരു സ്കൂളിലെ പ്രിന്‍സിപ്പളും അധ്യാപകരും തമ്മില്‍ ഉണ്ടായ ശീതസമരമാണ് കൂട്ടസ്ഥലംമാറ്റത്തിലേക്ക് കലാശിച്ചത്.
പ്രിന്‍സിപ്പളിന് അനഭിമതരായ അധ്യാപകരെ തനിക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഉന്നത ഉദ്യോഗസ്ഥനുമായുള്ള സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റാന്‍ പ്രിന്‍സിപ്പാള്‍ നീക്കം നടത്തിയെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. പല അധ്യാപകരെയും 30 കിലോമീറ്ററിന് പുറത്തുള്ള സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തി കൊണ്ടുവരാന്‍ കഠിന പ്രയത്നം നടത്തിയ അധ്യാപകരുടെ സ്ഥലം മാറ്റം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കളും പറയുന്നത്.
ബോര്‍ഡിന്റെ സ്കൂളുകളില്‍ എന്‍സിസി, എന്‍എസ്എസ്, കരിയര്‍ ഗൈഡന്‍സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എന്നീ പ്രസ്ഥാനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിച്ച് ഉന്നത നിലവാരത്തില്‍ സ്കൂളുകളെ എത്തിക്കുന്നതിന് അഹോരാത്രം കഷ്ടപ്പെട്ട അധ്യാപകരോടുള്ള കടുത്ത അനീതി കൂടിയാണെന്നാണ് അധ്യാപകര്‍ വ്യക്തമാക്കുന്നത്.
സാധാരണ ഗതിയില്‍ പൊമോഷന്, റിട്ടയര്‍മെന്റ് എന്നിവയുണ്ടാകുമ്പോള്‍ മാത്രമാണ് സ്ഥലംമാറ്റം ഉണ്ടായി കൊണ്ടിരുന്നത്. സ്കൂളുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരത്തിലുള്ള ക്രമീകരണങ്ങളാണ് കാലങ്ങളായി നടന്നിരുനന്ത്.
കൂട്ട സ്ഥലംമാറ്റത്തിനെതിരെ അധ്യാപകര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ ചട്ടങ്ങള്‍ പറഞ്ഞ് കൂട്ട സ്ഥലംമാറ്റത്തെ ന്യായികരിക്കുകയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചെയ്തതെന്നാണ് അധ്യാപകര്‍ വ്യക്തമാക്കുന്നത്.
അധ്യാപക സംഘടനകള്‍ കൂട്ട സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കുന്നതിനും സമരപരിപാടികള്‍ സംഘടിപ്പിക്കാനുമുള്ള ആലോചനയിലാണ്.