ചെറുതോണി: ഇടുക്കിയിൽനിന്ന് ഒരു കുടിയേറ്റ കർഷകൻ തിരുവനന്തപുരത്തേക്ക് സമരയാത്ര ആരംഭിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ ആവലാതി അറിയിക്കുവാനാണ് മുരിക്കാശേരി തേക്കിൻതണ്ട് ഓലിക്കത്തൊട്ടിയിൽ ദേവസ്യ സ്വന്തം കൃഷിയിടത്തിൽനിന്നു കാൽനടയായി തിരുവന്തപുരത്തേക്ക് സമരയാത്ര ആരംഭിച്ചിരിക്കുന്നത്.
ദേവസ്യ ബാങ്കിൽനിന്ന് ആറര ലക്ഷം രൂപ വായ്പയെടുത്താണ് രണ്ടേക്കർ സ്ഥലത്ത് കുരുമുളക് കൃഷി ആരംഭിച്ചത്. രണ്ടായിരത്തിലധികം കുരുമുളക് ചെടികളാണ് രണ്ടേക്കർ സ്ഥലത്തു നട്ടുപിടിപ്പിച്ചത്.
നാലുവർഷം പ്രായമായ കുരുമുളക് ചെടികൾ കായ്ച്ചു തുടങ്ങിയ സമയത്താണ് 2018-ലെ പ്രളയം. ഒരു മനുഷ്യായുസിന്റെ അധ്വാനംകൊണ്ട് ഉണ്ടാക്കിയതെല്ലാം പ്രളയം കവർന്നെടുത്തു.
ദേവസ്യ കുരുമുളക് കൃഷി വിള ഇൻഷ്വർ ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇൻഷ്വറൻസ് തുക പൂർണമായും ഈ കർഷകന് ലഭിച്ചില്ല. മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ചശേഷം വേണ്ട സഹായം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൃഷിനാശത്തിന് അർഹമായ സഹായം ഇതുവരെയും ലഭിച്ചില്ല.
വായ്പ എടുത്ത ബാങ്കിൽനിന്നും ജപ്തിനടപടികൾ ആരംഭിച്ചതോടെയാണ് തന്റെ ആവലാതികൾ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനായി ദേവസ്യ തിരുവനന്തപുരത്തേക്ക് സമരയാത്ര ആരംഭിച്ചത്. കൈയിൽ പ്ലക്കാർഡും പാളത്തൊപ്പിയും ധരിച്ചാണ് ദേവസ്യയുടെ സമരയാത്ര. മുഖ്യമന്ത്രിയെ കണ്ടതിനുശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കിൽ മടക്കയാത്രയുണ്ടാകില്ലെന്നും ദേവസ്യ പറഞ്ഞു.
സമരം വാത്തിക്കുടി പഞ്ചായത്തംഗം വിജി തലച്ചിറ ഉദ്ഘാടനം ചെയ്തു. ദേവസ്യയുടെ സമരയാത്രയ്ക്ക് പിന്തുണ അറിയിച്ച് പ്രദേശവാസികളും തേക്കിൻതണ്ടിൽ എത്തിയിരുന്നു.